- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ തിരച്ചിൽ ഫലം കണ്ടു; ഇനി അബ്ദുള്ളയുടെ കടം മക്കൾക്ക് വീട്ടാം: ഗൾഫിൽ വച്ച് പണം നൽകി പിതാവിനെ സഹായിച്ച ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തി നാസർ
തിരുവനന്തപുരം: അടുത്തിടെ ഏറ്റവുമധികം മാധ്യമ ശ്രദ്ധനേടിയ ഒന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് പിതാവ് വാങ്ങിയ കടം തിരികെ നൽകാൻ പിതാവിന്റെ കൂട്ടുകാരനെ തിരയുന്ന മകന്റെ വാർത്ത. പിതാവ് മരിച്ചു പോയിട്ടും കടം നൽകാനുള്ള കുടുംബം എവിടെയാണ് ഉള്ളതെന്നും അറിയാതിരുന്നിട്ടും സത്യസന്ധരായ ആ മക്കൾ ലൂസിസ് എന്നയാളെ തേടി നൽകിയ പത്രപരസ്യം അത്രമേൽ ഹൃദയം കവർന്നിരുന്നു. ഇക്കാലത്തെ സത്യസന്ധതയുടെ പര്യായമായി ഈ അന്വേഷണം മാറുകയും ചെയ്തു.
ഇപ്പോഴിതാ അച്ഛന്റെ കടം വീട്ടാൻ മകൻ നൽകിയ ആ പത്രപരസ്യം ഫലംകണ്ടിരിക്കുകയാണ്. ഗൾഫിൽ വെച്ച് പണം നൽകി സഹായിച്ച ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തിയിരിക്കുകയാണ് മരിച്ചു പോയ അബ്ദുള്ളയുടെ മകൻ നാസർ. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ ആ പണം തിരികെ എത്തിയ വിവരം അറിയാൻ ലൂസിസ് ജീവിച്ചിരിപ്പില്ല. ലൂയിസിന്റെ മക്കളെ കണ്ടെത്താൻ നാസറിന് കഴിഞഅഞു. മുപ്പത് വർഷം മുൻപാണ് നാസറിന്റെ പിതാവ് അബ്ദുള്ള ഗൾഫിൽ വെച്ച് ജോലി നഷ്ടപ്പെട്ടപ്പോൾ പണം നൽകി ലൂസിസ് സഹായിച്ചത്.
ലൂസിസ് വാർധക്യ സഹജമായ രോഗത്തെ തുടർന്ന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോൾ പരസ്യം കണ്ട് നാസറിനെ ബന്ധപ്പെട്ടത്. അബ്ദുള്ളയുടെ സുഹൃത്താണ് ഫോട്ടോ കണ്ട് ലൂസിസിനെ തിരിച്ചറിഞ്ഞത്. ലൂസിസിന്റെ സമീപകാലത്തെ ഫോട്ടോയാണ് ആദ്യം നാസറിന്റെ പക്കലെത്തിയത്. എന്നാൽ പുതിയ ഫോട്ടോ ആയതിനാൽ സുഹൃത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിന് ശേഷം ലഭിച്ച പഴയ ഫോട്ടോയിലൂടെയാണ് ലൂസിസാണെന്ന് തിരിച്ചറിഞ്ഞത്.
പിതാവിന് നൽകിയ വാക്കു പാലിച്ച് നാസർ ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തിയപ്പോൾ അവിടെ ലൂസിസിന്റെ മക്കളും എളിമകൊണ്ട് മനം കവർന്നിരിക്കുകയാണ്. തിരിച്ചു നൽകുന്ന പണം വേണ്ടെന്നും അത് അനാഥാലയത്തിന് നൽകാനുമാണ് ലൂസിസിന്റെ പെൺമക്കൾ നാസറിനോട് പറഞ്ഞത്. തുടർന്ന് ലൂസിസിന്റെ അനുജൻ ബേബിയുമായി നാസർ ബന്ധപ്പെട്ടു. നിലവിൽ കോവിഡ് സമ്പർക്കം മൂലം ഹോം ക്വാറന്റീനിലാണ് ബേബി. മൂന്ന് ദിവസം കഴിഞ്ഞ് ക്വാറന്റൈൻ തീരുമ്പോൾ പണവുമായി തിരുവനന്തപുരത്ത് നിന്നും നാസർ കൊല്ലത്തേക്ക് തിരിക്കും.
പരസ്യം നൽകിയതിനെ തുടർന്ന് ലൂസിസിന്റെ മക്കളെന്ന് അവകാശവാദമുന്നയിച്ച് അഞ്ചുപേർ നാസറിനെ സമീപിച്ചിരുന്നു. എന്നാൽ അബ്ദുള്ളയുടെ സുഹൃത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇവർ ആരുമല്ല അന്വേഷിച്ച ആളെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് യഥാർഥ ലൂസിസിന്റെ കുടുംബത്തെ കണ്ടെത്തിയത്. പിതാവ് അബ്ദുള്ള മരിക്കുമ്പോഴാണ് കടബാധ്യതയുള്ള വിവരം മക്കളെ അറിയിക്കുന്നത്. കൊല്ലം സ്വദശിയായ ലൂസിസ് വീട് മാറിയതോടെ ആളെ കണ്ടെത്താനും ബുദ്ധിമുട്ടായി. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പരസ്യം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 31-നാണ് ലൂസിസിനെ തേടി പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയത്.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു വിദേശ കമ്പനിയിലെ തൊഴിലാളിയായിരുന്നു നാസറിന്റെ അച്ഛൻ ഹബീബുള്ള എന്ന അബ്ദുള്ള. വിശാഖപട്ടണം, ഗോവ എന്നിവിടങ്ങളിലുള്ള ഹാർബറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. ഒപ്പം ലൂസിസ്, ബേബി, ഭാർഗവൻ എന്നിവരും ജോലി നോക്കിയിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്ത് വിദേശ കമ്പനികളെ രാജ്യത്തുനിന്ന് പുറത്താക്കിയതോടെയാണ് നാലുപേർക്കും ജോലി നഷ്ടമായത്. 1978-ന് ശേഷമായിരുന്നു ഇത്.
ജോലി നഷ്ടമായതോടെ ഉപജീവന മാർഗം തേടി ലൂസിസും ബേബിയും ഗൾഫിലെത്തി. പിന്നീട് ഫ്രീ വിസ വഴി അബ്ദുള്ളയും ഗൾഫിലെത്തി. ഇവർ ഒരുമിച്ച് ഒരു മുറിയിലായിരുന്നു താമസം. ആദ്യം ഒരു ഓയിൽ കമ്പനിയിൽ അബ്ദുള്ള ജോലി നോക്കിയെങ്കിലും കമ്പനി പൊളിഞ്ഞു. ഇതോടെ ജോലി നഷ്ടപ്പെട്ട സുഹൃത്തിന് 1,000 ദിർഹം നൽകി ലൂസീസ് സഹായിച്ചു. ഇന്നത്തെ 23,000 രൂപ വരുമിത്. ശേഷം എമിറേറ്റ്‌സിന്റെ പല ഭാഗത്തേക്ക് ജോലിക്കായി അബ്ദുള്ള പോയതോടെ ലൂസിസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അബ്ദുള്ള ഒരു ക്വാറിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും 1987-ൽ തിരിച്ച് നാട്ടിലെത്തി.
മറുനാടന് മലയാളി ബ്യൂറോ