- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്രവ്യാപാരക്കരാറുകൾ ഇന്ത്യൻ ഗ്രാമീണ കാർഷിക സമ്പദ്ഘടന അട്ടിമറിക്കുന്നു: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ഇന്ത്യ ഏർപ്പെട്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകൾ ഗ്രാമീണ കാർഷികമേഖലയ്ക്ക് വൻവെല്ലുവിളിയുയർത്തുന്നുവെന്നും കാർഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ഇടയാകുന്ന പുതിയ വ്യാപാരക്കരാർ ചർച്ചകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമനിർമ്മാണങ്ങളുടെ പിന്നിൽ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ സ്വാധീനമാണുള്ളത്. ഇന്ത്യയിലെ കാർഷികമേഖല ഗ്രാമീണ കർഷകരുടെ ജീവനോപാധിയാണ്. വൻകിടക്കാരിലേയ്ക്കും രാജ്യാന്തര കോർപ്പറേറ്റുകളിലേയ്ക്കും കൃഷി മാറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വിലത്തകർച്ചയിൽ ഗ്രാമീണ കർഷകരുടെ ജീവിതം പ്രതിസന്ധിയിലാകും. തുറന്ന വിപണിയായി ഇന്ത്യമാറുമ്പോൾ കാർഷികോല്പന്നങ്ങളുടെ അനിയന്ത്രിത ഇറക്കുമതി രൂക്ഷമാകും. ഗ്രാമീണ കാർഷികമേഖലയിലെ പുതുതലമുറ തൊഴിൽതേടി നഗരങ്ങളിലേയ്ക്ക് പലായനം ചെയ്യുന്ന സാഹചര്യം ശക്തമായിരിക്കുന്നത് ഭരണനേതൃത്വങ്ങൾ നിസ്സാരവൽക്കരിക്കരുത്.
ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ 12 വർഷം പൂർത്തിയായി. നാലാംഘട്ടം പിന്നിടുമ്പോൾ കയറ്റുമതിയേക്കാൾ ഇറക്കുമതി കുതിച്ചുയർന്നിരിക്കുന്നു. റബർ, തേയില, കുരുമുളക്, കാപ്പി ഉൾപ്പെടെ ഒട്ടേറെ ഉല്പന്നങ്ങളുടെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തരവിപണി അട്ടിമറിച്ചിരിക്കുകയാണ്. ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ലെങ്കിലും ചൈനീസ് ഉല്പന്നങ്ങൾ ഇന്ത്യയുടെ 24% വിപണി കീഴടക്കിയിരിക്കുന്നതെങ്ങനെയെന്ന് കേന്ദ്രസർക്കാർ ധവളപത്രമിറക്കി വിശദീകരിക്കണം. നിലവിലുള്ള ആസിയാൻ സ്വതന്തന്ത്രവ്യാപാരക്കരാർ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം.
അമേരിക്ക, റഷ്യ, യു.കെ., യൂറോപ്യൻ യൂണിയൻ, ന്യൂസിലാൻഡ്, ആസ്ത്രേലിയ, ഗൾഫ് എന്നിങ്ങനെ വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെടാനൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളുടെ ചർച്ചകൾ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ സർക്കാർ ഇക്കാര്യങ്ങളുടെ വിശദാംശങ്ങൾ ജനങ്ങൾക്കു നൽകണമെന്നും ജന്രപതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും കർഷകപ്രസ്ഥാനങ്ങളും പഠിച്ച് പ്രതികരിക്കാനും ഇടപെടലുകൾ നടത്താനും മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.