തലശേരി: തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ ട്രെയിൻ തട്ടി മരിച്ച വയനാട് സ്വദേശിയായ യുവാവിന്റെ വലത് കാൽപാദം കാണാതായതിനെ തുടർന്ന് മൃതദേഹത്തിന്റെ പോസ്റ്റ് മോർട്ടം വൈകി. ഇതോടെ മേപ്പാടി പുതുക്കാട്ടെ പാറപ്പറമ്പിൽ വിനീതിന്റെ (36) ജഡം പോസ്റ്റ്മോർട്ടം ഇന്ന് ചെയ്തതിനു ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ കഴിഞ്ഞുള്ളു.

കഴിഞ്ഞ ദിവസം അജ്ഞാതനായ യുവാവ് ട്രെയിൻ തട്ടി മരിച്ച വിവരം അറിഞ്ഞെത്തിയ തലശ്ശേരി പൊലീസാണ് മൂന്നാം ഗേറ്റിനടുത്ത് ട്രാക്കിലും തൊട്ടുള്ള കുറ്റിക്കാട്ടിലുമായി ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ ശേഖരിച്ച് ജനറൽ ആശുപത്രിയിലെത്തിച്ചത്. ആകെ വികൃതമായ ജഡം പിന്നീട് തിരിച്ചറിയാനുള്ള ശ്രമമായിരുന്നു.

വയനാട് നിന്നും സഹോദരനും ബന്ധുക്കളും തലശ്ശേരി ആശുപത്രി മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞതോടെ ഇൻക്വസ്റ്റ് ആരംഭിച്ചു. ഇതിനായി ശരിര ഭാഗങ്ങൾ ചേർത്ത് വച്ചപ്പോഴാണ് വലതുകാലിന്റെ പാദം ഇല്ലെന്നറിഞ്ഞത്. പൊലീസ് സംഘം ഉടൻ മൂന്നാം ഗേററിലെത്തി. സ്ഥലവാസികളുടെയും ആർ.പി.എഫിന്റെയും സഹായത്തോടെ ഏറെ നേരം നടത്തിയ തിരച്ചലിലാണ് കുറ്റിക്കാട്ടിൽ നിന്നും പാദം വീണ്ടെടുക്കാനായത്.

ഇതുമായി ആശുപത്രിയിലെത്തിയെങ്കിലും സമയം വൈകിയതിനാൽ പോസ്റ്റ്മോർട്ടം നടന്നില്ല.മേപ്പാടി പുതുക്കാട്ടെ രാമദാസ്, ശാന്ത ദമ്പതികളുടെ മകനാണ് വിനീത് കോൺക്രീറ്റ് പണിക്കാരനായ യുവാവ് തലശ്ശേരിയിൽ താമസിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. അവിവാഹിതനാണ് യുവാവ്.