പത്തനംതിട്ട: ശബരിമല കുംഭമാസ പൂജയ്ക്കുള്ള ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. പ്രതിദിനം 15,000 പേർക്ക് വീതമാണ് ദർശനം. സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. പത്തു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിനെത്താം. ഇവർക്ക് വെർച്വൽ ക്യൂവിൽ ബുക്കിങ് വേണ്ട. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം.

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐ.ഡി., പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. ദർശനത്തിനായി https://sabarimalaonline.org/#/login സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. കുംഭമാസ പൂജകൾക്കായി 12-ന് വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. പൂജകൾ പൂർത്തിയാക്കി 17-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.