ക്കാലത്തും, എല്ലാ മനുഷ്യരേയും അലട്ടിയിരുന്ന ഏറ്റവും വലിയ ഭയം മരണഭയമാണ്. മരണം എന്നത് ഒരു ശാശ്വത സത്യമാണെങ്കിൽ കൂടി അതിനെ അംഗീകരിക്കാൻ ഇന്നും മനുഷ്യന് കഴിഞ്ഞിട്ടില്ല. അപൂർവ്വമായി മാത്രം ചില അപവാദങ്ങൾ ഉണ്ടാകാമെങ്കിലും ഭൂരിപക്ഷം മനുഷ്യരും സ്വന്തം മരണത്തെ ഭയപ്പെടുന്നവരാണ്. ആ സാഹചര്യത്തിലാണ് ആയുസ്സ് വർദ്ധിപ്പിക്കാൻ ഉതകുന്ന ചില ഭക്ഷണക്രമങ്ങളുടെ വിശദാംശങ്ങളുമായി ഒരു ഗവേഷണഫലം പുറത്തുവരുന്നത്.

ധാന്യങ്ങൾ, വിവിധയിനം പയർ വർഗ്ഗങ്ങൾ, കപ്പലണ്ടി ഇനത്തിൽ പെട്ടവ തുടങ്ങിയവ ധാരാളമായി കഴിച്ചാൽ ആയുസ്സ് വർദ്ധിപ്പിക്കാം എന്നാണ് ഈ ഗവേഷണഫലം പറയുന്നത്. എന്നാൽ, അതോടൊപ്പം മാട്ടിറച്ചി, പ്രൊസസ്സ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുകയും വേണം എന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു സാധാരണക്കാരൻ കഴിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള പാശ്ചാത്യ ഭക്ഷണക്രമത്തെയായിരുന്നു ഗവേഷണ വിധേയമാക്കിയത്. നോർവേയിലാണ് ഗവേഷണം നടന്നത്.

പയറു വർഗ്ഗങ്ങളോ നട്ടുകളോ തീരെയില്ലാത്തതാണ് ഈ മാതൃക പാശ്ചാത്യ ഭക്ഷണക്രമം. വളരെ കുറച്ച് പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം. പഞ്ചസാരയിട്ട മധുരപാനീയം അരലിറ്ററോളം കുടിക്കും. പിന്നെ, ഭക്ഷണത്തിന്റെ പകുതിയിലധികവും പാൽ ഉദ്പന്നങ്ങളും ആയിരിക്കും. എന്നാൽ, ഇതിനുപകരം ഗവേഷകർ നിർദ്ദേശിച്ച ഭക്ഷണക്രമം പരിശീലിച്ചാൽ 13 വർഷം കൂടുതൽ ജീവിച്ചിരിക്കാം എന്നാണ് അവർ പറയുന്നത്. 20 കളാണ് പുതിയ ഭക്ഷണക്രമം ശീലിക്കാൻ ഏറ്റവും ഉത്തമമായ പ്രായം എന്ന് അവർ പറയുന്നു. എന്നാൽ 80 കളിലും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാൽ അനുകൂലഫലങ്ങൾ ഉണ്ടാകും എന്നും അവർ പറയുന്നു,.

ലെഗ്യും എന്ന പയർ ഇനത്തിൽ പെട്ട ചെടിയുടെ കായ, നട്ട്സ്, സാബുദാൻ എന്ന് വിളിക്കുന്ന ധാന്യ വർഗ്ഗം എന്നിവ കൊളസ്ട്രോളിന്റെ അളവ് കാര്യമായി കുറയ്ക്കുന്നു. മാത്രമല്ല, ഇവയിൽ എല്ലാം ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഉണ്ട് താനും പാശ്ചാത്യ നാടുകളിലെ ഭക്ഷണക്രമത്തിൽ സംസ്‌കരിച്ച ഭക്ഷണപദാർത്ഥങ്ങളാണ് കൂടുതലായി ഉള്ളത്. ഇവയിലെല്ലാം ഉപ്പ് ക്രമാതീതമായ അളവിൽ കാണാം.അതുപോലെ പഞ്ചസാരയും അധികമായിരിക്കും. അതുപോലെ ഈ ഭക്ഷണക്രമത്തിൽ പാൽ ഉദ്പ്പന്നങ്ങളുംമാട്ടിറച്ചിയും ധാരാളമായി ഉൾപ്പെട്ടിരിക്കുന്നു.

ഇതിനു മുൻപും ഭക്ഷണക്രമവും ആയുസ്സുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിൽ അധികവും അമിതവണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളായിരുന്നു. അമിതവണ്ണം മൂലമുണ്ടാകാൻ ഇടയുള്ള പ്രമേഹം, കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ എന്നിവ ആയുസ്സിനെ പ്രതികൂലമായി ബാധിക്കുന്നതായതിനാലായിരുന്നു അമിതവണ്ണത്തെ കേന്ദ്രീകരിച്ച് ആയുസ്സുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടന്നത്.

60 വയസ്സുള്ള ഒരു വ്യക്തിക്ക് പോലും ഗവേഷകർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമം പാലിച്ചാൽ എട്ടര വർഷം വരെ ആയുസ്സ് നീട്ടാനാകുമെന്നാണ് ബെർഗെൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്. 80 കളീൽ ഉള്ളവർക്കാണെങ്കിൽ മൂന്നര വർഷം വരെ നീട്ടിക്കിട്ടും. പ്ലോസ് മെഡിസിൻ എന്ന ജേർണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.