മസ്‌കത്ത്: ര്ാജ്യത്ത് റെന്റ് എ കാർ സർവിസ് നടത്തുന്ന കമ്പനികളുടെ മാർഗനിർദ്ദേശങ്ങൾ പുതുക്കി. ഇതനുസരിച്ച് റെന്റ് എ കാർ നടത്തുന്ന എല്ലാ വാഹനങ്ങളും 'നഖൽ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും ഓരോ വാഹനത്തിനും കാർഡുകൾ സ്വീകരിക്കുകയും വേണം. വാഹനത്തിൽ ഡ്രൈവറുടെ സീറ്റ് അടക്കം എട്ടിൽ കൂടുതൽ സീറ്റുകൾ ഉണ്ടായിരിക്കരുത്.

വാഹനം കൈകാര്യംചെയ്യാനും കമ്പനി നടത്തിപ്പിനുമായി ആവശ്യമായ ജോലിക്കാരെ നിയമിക്കണം. വാഹനം വാടകക്ക് നൽകുന്നവരുടെ വിവരങ്ങൾ റോയൽ ഒമാൻ പൊലീസിന് നൽകണം. വാടകക്കെടുത്ത ആൾ ഗതാഗത നിയമലംഘന പിഴ അടക്കാതിരിക്കുക, വാഹനവാടക ഫീസ് അടക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കാനാണിത്. ഗതാഗത, വാർത്ത വിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രാലയം ആണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

വാടകക്ക് നൽകിയ വാഹനം ഉടമകൾ ഇടക്കിടെ പരിശോധിക്കുകയും സാങ്കേതിക മേന്മയും കാര്യക്ഷമതയും ഉറപ്പാക്കുകയും വേണം. വാഹനത്തിനുള്ളിലെ വസ്തുക്കൾ നഷ്ടപ്പെടുകയാണെങ്കിൽ റിപ്പോർട്ട് തയാറാക്കുകയും വേണം.വാടക എടുത്ത വ്യക്തിക്ക് വാടക അടക്കാൻ കഴിവുണ്ടെന്ന് ഉറപ്പു വരുത്തണം. വാഹനം വാടകക്ക് നൽകുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ഡ്രൈവിങ് ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തില്ലെങ്കിൽ വാടകക്ക് കാർ കൊടുക്കുന്ന കമ്പനിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം.

ഇത്തരം വാഹനങ്ങൾ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ ഉടമകളിൽനിന്ന് പിഴയീടാക്കും. വാഹനം വാടകക്ക് നൽകുന്നതിനുള്ള കരാറുകൾ അറബിയിലും ഇംഗ്ലീഷിലും എഴുതിയിരിക്കണം. ഈ വിഷയത്തിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ പ്രശ്‌ന പരിഹാരത്തിന് കരാറിന്റെ അറബി കോപ്പിയാണ് പരിഗണിക്കുക. കരാറിൽ വാടകക്കെടുക്കുന്ന വ്യക്തിയുടെ പേര്, തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് നമ്പർ, ഡ്രൈിവിങ് ലൈസൻസ്, ഇവയുടെ കാലാവധി തീയതി, വാടകനിരക്ക്, കാരാറിലെ മറ്റു വ്യവസ്ഥകൾ, കരാറിന്റെ കാലാവധി, വാഹനം തിരിച്ചുനൽകേണ്ട സമയം, തിരിച്ചുനൽകുേമ്പാൾ പാലിക്കേണ്ട നിയമങ്ങൾ എന്നിവയുണ്ടാകണം.