തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം സിബിഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹർജി. സ്വപ്നയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ടതിനു പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം സ്വദേശി ഇടവക്കോട് അശോകൻ അഡ്വ. അനിൽ പ്രസാദ് വഴി കേന്ദ്ര ആഭ്യന്തര മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് ഹർജി നൽകി. തുടർന്ന് ഈ ആവശ്യം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും സ്വപ്നയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ടതിനു പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം, സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇഡി കസ്റ്റഡിയിലിരിക്കെ പുറത്ത് വന്ന തന്റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചാനൽ അഭിമുഖത്തിലാണ് ഇഡി കസ്റ്റഡിയിലിരിക്കെ തന്റേതായി പുറത്തുവന്ന ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സർക്കാരിലെ ഉന്നതരുടെയും പേരുകൾ പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി എന്നായിരുന്നു ശബ്ദരേഖയിലെ വിശദാംശങ്ങൾ. എന്നാൽ തനിക്ക് അങ്ങനെ ഒരു സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ട പ്രകാരമാണ് താൻ അന്ന് അങ്ങനെ പറഞ്ഞത് എന്നുമാണ് സ്വപ്നയുടെ ഇപ്പോഴത്തെ നിലപാട്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

വിവാദമായ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ഈ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ഇത് ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്.