തിരുവനന്തപുരം: കോവിഡ് 19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം ആവിഷ്‌ക്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെൽറ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാൽ ഓമിക്രോൺ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: കോവിഡ് 19 ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. ഡെൽറ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാൽ ഓമിക്രോൺ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്. ഇപ്പോൾ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനമാണ്. രണ്ട് ഡോസും എടുത്തവർ 85 ശതമാനമാണ്. 15 മുതൽ 17 വയസ്സു വരെയുള്ള വാക്സിനേഷൻ 74 ശതമാനവുമായി. കരുതൽ ഡോസിന് അർഹതയുള്ള 41 ശതമാനം പേർക്കും വാക്സിൻ നൽകി. മഹാ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്.

ഓമിക്രോൺ ഇവിടേയും വ്യാപിച്ചതോടെ ജനുവരി ഒന്നിന് മൂന്നാം തരംഗം ആരംഭിച്ചു. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മെയ്‌ 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. അതേസമയം മൂന്നാം തരംഗത്തിൽ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ ഉയർന്ന വേഗത്തിൽ തന്നെ കേസുകൾ കുറഞ്ഞു വരുന്നതായാണ് കാണാൻ കഴിയുന്നത്.

ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കോവിഡ് കേസുകളിൽ വർധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയിൽ 215 ശതമാനമാണ് വർധിച്ചത്. എന്നാൽ പിന്നീടത് കുറഞ്ഞ് തൊട്ട് മുമ്പത്തെ ആഴ്ചയിൽ വർധനവ് 10 ശതമാനമായി. ഇപ്പോൾ വർധനവ് മൈനസ് 39 ശതമാനം മാത്രമാണ്. കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ല. പക്ഷെ എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണം.
നിലവിൽ ആകെയുള്ള 2,83,676 ആക്ടീവ് കോവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്റിലേറ്ററുകൾ ഒഴിവുമുണ്ട്. ലോകമെമ്പാടും ഓമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഓമിക്രോൺ തരംഗത്തിൽ 3 ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്.

അതേസമയം ഒരു ശതമാനം പേർക്ക് ഗുരുതരമാകുകയും ചെയ്യും. ന്യുമോണിയ ഉണ്ടാകാൻ സാധ്യയുള്ള ഈ ഒരു ശതമാനം പേരെ കണ്ട് പിടിച്ച് കൃത്യമായ ചികിത്സ നൽകുകയാണ് പ്രധാനം. ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോഗികൾ അപായ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസം, നെഞ്ചുവേദന, രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക, 3 ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനി എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇ സഞ്ജീവനി വഴിയോ ദിശ വഴിയോ ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാവുന്നതാണ്.

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സംവിധാനമൊരുക്കി. വൃക്ക രോഗികൾക്ക് ആശുപത്രികളിൽ വരാതെ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.