- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിട്ട. വ്യോമസേന പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; കാണാതായ വീട്ടു ജോലിക്കാരനായി തിരച്ചിൽ തുടരുന്നു: ഉറങ്ങുന്നതിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം
ബെംഗളൂരു: റിട്ട. വ്യോമസേന പൈലറ്റിനെയും ഭാര്യയെയും വില്ലയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി രഘുരാജൻ (70) ഭാര്യ ആശ (63) എന്നിവരെയാണ് ബിദദിയിലെ ഈഗിൾടൺ റിസോർട്ടിലെ വില്ലയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരനായ ജോഗീന്ദർ സിങ്ങിനെ കാണാനില്ല. ഇയാളാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നാലെ കാണാതായ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഉറങ്ങുന്നതിനിടെ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഘുരാജൻ-ആശ ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണ്. ഇരുവരും ഡൽഹിയിലാണ് ജോലി ചെയ്യുന്നത്.കഴിഞ്ഞ ദിവസം മക്കൾ ഇവരെ ഫോൺ ചെയ്‌തെങ്കിലും കിട്ടിയില്ല. തുടർന്ന് വില്ലകളിലെ സുരക്ഷാജീവനക്കാരെ വിളിക്കുകയും മാതാപിതാക്കളുടെ വില്ലയിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷാജീവനക്കാർ രഘുരാജന്റെ വില്ലയിലെത്തിയെങ്കിലും ജോലിക്കാരനായ ജോഗീന്ദർ സിങ്ങിനെയാണ് കണ്ടത്. ഇയാളോട് തിരക്കിയപ്പോൾ രഘുരാജനും ആശയും അതിരാവിലെ ബെംഗളൂരു നഗരത്തിൽ പോയതാണെന്നായിരുന്നു സുരക്ഷാജീവനക്കാരോട് പറഞ്ഞത്.
തുടർന്ന് സുരക്ഷാജീവനക്കാർ വില്ലയിൽനിന്ന് മടങ്ങുകയും ഇക്കാര്യം മക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാതിരുന്ന മക്കൾ വില്ലയ്ക്കുള്ളിൽ കയറി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുരക്ഷാജീവനക്കാർ വീണ്ടും വില്ലയിലെത്തി പരിശോധന നടത്തിയപ്പോളാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സമയം ജോഗീന്ദർ സിങ് വില്ലയിൽനിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തുകയും ചെയ്തു.
കവർച്ചാശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കരുതുന്നു. അതേസമയം, ദമ്പതിമാരുടെ വില്ലയിൽ ജോലിക്കാരനായ ജോഗീന്ദർ സിങ്ങിന് പുറമേ മറ്റൊരാളെയും കണ്ടിരുന്നതായി സുരക്ഷാജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
നായകളെ പരിചരിക്കാനായാണ് ജോഗീന്ദർ സിങ്ങിനെ ദമ്പതിമാർ വില്ലയിൽ നിർത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നിൽ ഇയാളാണെന്നാണ് സംശയിക്കുന്നതെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാമനഗര എസ്‌പി. സന്തോഷ് ബാബു അറിയിച്ചു.