കോവിഡ് വന്ന് ഭേദമായവർക്ക്, അവരുടെ പ്രായം എത്രയായാലും, അവരെ ബാധിച്ചത് ഗുരുതരമായതോ അല്ലാത്തതോ ആയ കോവിഡ് ആയാലും ഒരു വർഷത്തിനകം ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത 63 ശതമാനത്തോളമുണ്ടെന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

1.5 ലക്ഷത്തോളം കോവിഡ് വന്ന് ഭേദപ്പെട്ടാവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമയ പഠനത്തിന് വിധേയമാക്കിയ അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവരുടെ മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ പിന്നീട് ഇതുവരെ കോവിഡ് ബാധിക്കാത്ത 11.5 മില്യൺ ആളുകളുള്ള ഒരു നിയന്ത്രിത ഗ്രൂപ്പിലെ ആളുകളുടെ ഡാറ്റയുമായി ഒത്തു നോക്കുകയായിരുന്നു.

കോവിഡ് വന്ന് ഭേദമയിട്ട് 12 മാസങ്ങൾക്കുള്ളിലാണ് ഹൃദയാഘാതം, ഹൃദയസ്തംഭനം, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കൂടുതൽ സാധ്യത എന്നാണ് പഠനത്തിൽ വെളിപ്പെട്ടത്. എല്ലാത്തിനു പുറമേ കോവിഡിനെ തോൽപ്പിച്ചെത്തിയവർക്ക്, കോവിഡ് ബാധിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കൂടുതലാകുവാനുള്ള സാധ്യത 55 ശതമാനം വരെ കൂടുതലാണെന്നുംകണ്ടെത്തി. വരും വർഷങ്ങളിൽ കോവിഡ് മൂലമുള്ള ഹൃദ്രോഗികളുടെ എണ്ണം ലോകത്ത് വർദ്ധിക്കും എന്നാണ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ആശങ്കപ്പെടുന്നത്.

ഇതുവരെ ലോകമാകമാനമായി ഏകദേശം 15 ദശലക്ഷം കാർഡിയോവാസ്‌കുലാർ കേസുകൾ കോവിഡ് മൂലം പുതിയതായി ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ ഭയപ്പെടുന്നത്. കൊറോൺ വൈറസ് ബാധിക്കുന്ന സമയത്ത് അത് ശരീരത്തിലെ കോശങ്ങളെ ആക്രമിക്കും. അതുമൂലം ഹൃദയകലയിലേയും പ്രതിരോധ സംവിധാനത്തിലേയും കോശങ്ങൾക്ക് ക്ഷതം സംഭവിക്കാം. ഇതാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത് എന്നാണ് ഗവേഷകർ കരുതുന്നത്. നേച്ചർ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്, തീരെ നേരിയ രീതിയിൽ മാത്രം രോഗം ബാധിച്ചവരിലും ഹൃദ്രോഗം കണ്ടെത്തി എന്നാണ്.

ഇവരിൽ ആർക്കും തന്നെ കോവിഡ് ബാധിക്കുന്നതിനു മുൻപായി ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വൈറസുകൾ ഹൃദയകലയിലെ കോശങ്ങൾക്ക് വരുത്തുന്ന ക്ഷതം എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നല്ല എന്നും ഇവർ പറയുന്നു. അതുകൊണ്ടു തന്നെ എല്ലാ രാജ്യങ്ങളൂം വരും വർഷങ്ങളിൽ വർദ്ധിച്ചു വരുന്ന ഹൃദ്രോഗികളുടെ കാര്യത്തിൽ നടപടികളെടുക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു.