പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയുമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ബ്രേക്കിന് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കാറിന് മറ്റ് അപാകതകൾ കണ്ടെത്താനായിട്ടില്ലെന്നും എംവിഡി വ്യക്തമാക്കി. മൂന്ന് പേരുടെ മരണത്തിന് വഴിവെച്ച കാർ അപകടത്തിൽ ഡ്രൈവർ ആയൂർ ഇളമാട് ഹാപ്പിവില്ലയിൽ ശരത്തി(35)നെതിരേ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശരത്തിൽനിന്നും മൊഴിയെടുത്ത ശേഷം ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തേക്കുംകാറിന് ഒരു തകരാറുകളും ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, വാഹനത്തിന് 27 മാസത്തെ പഴക്കമാണ് ഉള്ളതെന്നും എംവിഡി അറിയിച്ചു.

തേർഡ് പാർട്ടി ഇൻഷുറൻസാണ് വാഹനത്തിനുണ്ടായിരുന്നത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബുധനാഴ്‌ച്ചയാണ് അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണമുണ്ടായത്. ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട്ടേക്ക് പുടവ കൊടുക്കൽ ചടങ്ങിനു പോയവരുടെ കെഎൽ 24 ടി 170 സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴു യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു സംഭവം. അമിത വേഗത്തിൽ തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കനാലിലേക്ക് വീണ കാർ ശക്തമായ ഒഴുക്കിൽപ്പെട്ട് പാലത്തിനടിയിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആശുപത്രിയിലേക്ക് മാറ്റിയ നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു

ആയൂർ അമ്പലംമുക്ക് കാഞ്ഞിരത്തുംമൂട് ഹാപ്പിവില്ലയിൽ കുടുംബാംഗങ്ങളായ ഇന്ദിര (57), ശകുന്തള (51), ബിന്ദു (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അലൻ (14), അശ്വതി (27), ശ്രീജ (45), ഡ്രൈവർ ശരത്ത് എന്നിവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കാറിൽ കുടുങ്ങിയവരെ കാറിന്റെ ചില്ല് ഉടച്ചാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ഇവരുടെ അന്ത്യം. സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ഡ്രൈവർ ഈ സമയം മദ്യപിച്ചിരുന്നതായും സംശയിക്കുന്നുണ്ട്.