തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ അനു മതിയോ നിയമസാധുതയോ ഇല്ലാതെ സ്ഥല ഉടമകളെ ഭീഷണിപ്പെടുത്തി കല്ല് സ്ഥാപിക്കുന്ന കെ റെയിൽ നടപടി നിയമവിരുദ്ധമാണ്. ഇതിനെ എതിർത്ത കണ്ണൂർ ജില്ലയിലെ സമരസമിതി നേതാക്കളെ അറസ്റ്റുചെയ്യുകയും തുറുങ്കിൽ അടയ്ക്കുകയും ചെയ്തത് സർക്കാരിന്റെ ഗുണ്ടായിസമാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധസമിതി സംസ്ഥാന ചെയർമാൻ എംപി.ബാബുരാജ് സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ എന്നിവർ പ്രസ്താവിച്ചു.

കണ്ണൂർ ജില്ലാ കൺവീനർ അഡ്വ.പി.സി.വിവേക്, ജില്ലാ സമിതിയംഗം അഡ്വ.ആർ.അപർണ, റ്റി.പി.ഇല്ല്യാസ് എന്നിവരെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി സ്ഥാപിച്ച കല്ല് പിഴുതു മാറ്റിയെന്നാരോപിച്ച് സമരസമിതി നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാടൻ എന്നിവരെ വൈകുന്നേരം അറസ്റ്റ് ചെയ്തു. തുടർന്ന് വളപട്ടണം പൊലീസ് രാത്രി 1.00 മണിയോടെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയും റിമാന്റ് ചെയ്ത് ജയിലിലടയ്ക്കുകയുമുണ്ടായി.

IPC 143, 147, 149 & Sec. 3(2)(e) PDPP Act പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസ്. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

കെ ആർ ഡി സി എൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെല്ലാം അടിമുടി ചട്ട ലംഘനങ്ങളും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയുള്ളതും ആണെന്ന് പാർലമെന്റിൽ നടന്ന ചർച്ചയിലും കേന്ദ്രസർക്കാരും റെയിൽവേയും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെയും തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ഡി പി ആർ ഈ പദ്ധതി എങ്ങനെ കേരളത്തെ തകർക്കും എന്ന് തെളിയിക്കുന്നതാണ്. കേരളത്തിന്റെ പൊതുവികാരം ഈ പദ്ധതിക്കെതിരെ ശക്തമായി ഉയർന്നിട്ടുണ്ട്. അതിനെ ഒന്നും വകവയ്ക്കാതെ അങ്ങേയറ്റത്തെ ധാർഷ്ട്യവും ഹുങ്കും ആണ് സർക്കാർ പ്രകടിപ്പിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തി ഈ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട എന്ന് സമരസമിതി നേതാക്കൾ വീണ്ടും മുന്നറിയിപ്പ് നൽകി. സമൂഹമൊന്നാകെ പദ്ധതിയുടെ ദോഷവശങ്ങൾ മനസ്സിലാക്കിയാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഈ ഘട്ടത്തിലെങ്കിലും സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നതാണ് ഉചിതം. ഇല്ലെങ്കിൽ അണപൊട്ടി ഒഴുകുന്ന ജനരോഷത്തിന്റെ നാളുകളാവും വരാനിരിക്കുന്നന് എന്നും അവർ ഓർമ്മിപ്പിച്ചു.