മീഡിയവൺ ചാനൽ സംപ്രേഷണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ദേശസുരക്ഷയുടെ പേരിലുള്ള ഹിന്ദുത്വ ഭരണകൂടവേട്ടയാണെന്നും ഇത്തരം ശ്രമങ്ങൾ ചെറുത്ത് തോൽപിക്കണമെന്നും എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെയും അവരുടെ കർതൃത്വത്തിൽ നിന്നുണ്ടാവുന്ന സംരഭങ്ങളെയും സംവിധാനങ്ങളെയുമെല്ലാം വേട്ടയാടാൻ ഭരണകൂടം നിരന്തരമായി ഉപയോഗിക്കുന്ന മറയാണ് ദേശസുരക്ഷ. ഇതേ കാരണം പറഞ്ഞ് തന്നെയാണ് മീഡിയാവൺ ചാനലിന്റെയും സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞിരിക്കുന്നത്.

കേന്ദ്ര സർക്കാരിനെ മുന്നോട്ട് നയിക്കുന്ന ഹിന്ദുത്വ വംശീയ ബോധത്തെ നിരന്തരം ചോദ്യം ചെയ്ത, വ്യാജങ്ങളെ തുറന്നു കാണിച്ച മീഡിയാവണ്ണിന്റെ ഇടപെടലുകളാണ് ഈ വിലക്കിന് പിന്നിലെന്നത് പകൽ പോലെ വ്യക്തമാണ്. വംശീയ മുൻവിധികളിൽ നിന്നും രൂപംകൊള്ളുന്ന ഇത്തരം നിരോധനങ്ങളെ നിയമ പോരാട്ടങ്ങൾക്കൊപ്പം തെരുവുകളിൽ ചോദ്യം ചെയ്ത് തന്നെ എസ്‌ഐ.ഒ മുന്നോട്ട് പോകും. സംഘ്പരിവാറിന്റെ അധികാര ഹുങ്കിനെ വകവെക്കാതെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന മീഡിയവണ്ണിന് എസ്‌ഐ.ഒവിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും. ഭരണകൂടത്തിന്റെ ഭീഷണി സ്വരങ്ങൾക്ക് മുന്നിൽ ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീതിന്യായ സംവിധാനങ്ങളും സ്തുതി വാഹകരാകുന്നതും വിധി പറയുന്നതും ഭരണഘടനയോടുള്ള നഗ്‌നമായ വെല്ലുവിളിയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ മുഹമ്മദ് സഈദ് ടി.കെ, റഷാദ് വി.പി, വാഹിദ് ചുള്ളിപ്പാറ, അഡ്വ. അബ്ദുൽ വാഹിദ്, അബ്ദുൽ ജബ്ബാർ, തഷ്രീഫ് കെ.പി, നിയാസ് വേളം തുടങ്ങിയർ പങ്കെടുത്തു.