അഹമ്മദാബാദ്: നിലവിലെ ഇന്ത്യൻ റെയിൽപാതയെ അത്യാധുനികമാക്കി മാത്രമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ റെയിൽവേ സ്റ്റേഷൻ മാതൃക റെയിൽവേ പുറത്തുവിട്ടു.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്കാണ് ബുള്ളറ്റ് ട്രെയിന്റെ നിർദ്ദിഷ്ടപാത. വഡോദര സ്റ്റേഷന്റെ നിലവിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമാണ് ബുള്ളറ്റ് ട്രെയിന്റെ പാതയായി മാറ്റുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഷനും പ്ലാറ്റ്ഫോമും വിമാനതാവളങ്ങളുടെ ലോഞ്ചിനെ അനുസ്മരിക്കും വിധമാണ്.

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ബുള്ളറ്റ് ട്രെയിനുകളുടെ നിർമ്മാണത്തിന്റേയും നടത്തിപ്പിന്റേയും ചുമതല. അടിസ്ഥാന സൗകര്യ നിർമ്മാണങ്ങൾക്കായി ലാർസൻ ആൻഡ് ട്യൂബ്രോ( എൽ ആൻഡ് ടി) യുമായിട്ടാണ് ധാരണ. എട്ട് കിലോമീറ്റർ തുരങ്കവും വഡോദര സ്റ്റേഷനും ഇവരാണ് നിർമ്മിക്കുന്നത്. 100 ശതമാനവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും എൻഎച്ച്എസ്ആർസിഎൽ ഏകോപിപ്പിക്കും.

ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാർ തന്നെയാണ് ബുള്ളറ്റ് ട്രെയിൻ സൗകര്യവും പ്രയോജനപ്പെടുത്തേണ്ടത്. അതിനാൽ റെയിൽവേയുടെ സംവിധാനങ്ങളുമായി കൂട്ടിയിണക്കിയാണ് ബുള്ളറ്റ് ട്രെയിനും പ്രവർത്തിക്കുക.

508 കിലോമീറ്റർ യാത്രയിൽ 352 കിലോമീറ്റർ ദൂരം ഗുജറാത്തിലൂടെയാണ്. എട്ട് അത്യാധുനിക സ്റ്റേഷനുകളാണ് ഗുജറാത്തിലുള്ളത്.സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൗച്ച്, സൂറത്, ബിലിമോറ, വാപി എന്നിവിടങ്ങളിലാണ് സ്റ്റേഷനുള്ളത്.