ലഖ്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നോയിഡയിൽ നിന്നുമുള്ള ഒരു കൗതുക കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ 'അപരൻ' വോട്ട് ചെയ്യാനെത്തിയതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. വേഷവിധാനങ്ങളിൽ യോഗിയെ അനുകരിച്ച രാജു കോഹ്ലി എന്ന യുവാവാണ് കാവി വസ്ത്രം ധരിച്ച് വോട്ട് ചെയ്യാനെത്തിയത്.

കാവി ജുബ്ബ, കാവി മുണ്ട്, കാവി ഷാൾ ധരിച്ച് യോഗിയെപ്പോലെ തല മുണ്ഡനം ചെയ്ത് അദ്ദേഹത്ത പോലെ വാച്ചും കെട്ടിയാണ് രാജു കോഹ്ലി സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയത്. നോയിഡയിലെ സെക്ടർ 11ലുള്ള ബൂത്തിലാണ് 'ഡ്യൂപ്ലിക്കേറ്റ് യോഗി' വോട്ട് ചെയ്തത്.

മറ്റുള്ളവർ ക്യൂ നിൽക്കുമ്പോൾ ഇയാളെ ചിലർ ക്യൂവിൽ നിർത്താതെ വോട്ട് ചെയ്യാൻ കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം.

തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 623 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഒമ്പത് മന്ത്രിമാരും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്.