ലക്‌നൗ: ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തർപ്രദേശിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ സഹാറൻപുരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ യുപിയിലെ മുസഫർനഗർ കലാപം, സഹാറൻപുർ കലാപം തുടങ്ങിയ ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. കലാപങ്ങളും കർഫ്യുവും ഈ നാട്ടിൽ നിന്ന് തുടച്ചു നീക്കിയത് യോഗി ആദിത്യനാഥ് സർക്കാരാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് ആത്യന്തികമായ പരിഹാരമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. 

സമാജ്വാദി പാർട്ടിക്കും (എസ്‌പി) സഖ്യകക്ഷിയായ ആർഎൽഡിക്കുമെതിരെ രൂക്ഷവിമർശനമാണ് മോദി ഉയർത്തിയത്. സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും ആർഎൽഡി നേതാവ് ജയന്ത് ചൗധരിയുടെയും പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമർശനം. കുടുംബവാഴ്ചയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയും ശത്രുവും. സമാജ്വാദി പാർട്ടി കുടുംബാധിപത്യത്തിലാണ് വിശ്വസിക്കുന്നത്.

കുടുംബാധിപത്യം മൂലം ദീർഘ വീക്ഷണം നഷ്ടപ്പെട്ട സർക്കാരുകളാണ് മുൻകാലങ്ങളിൽ യുപി ഭരിച്ചിരുന്നത്. അവരുടെ ദുഷിച്ച മുൻകാല ചെയ്തികൾ ജനങ്ങൾ ഓർത്തെടുക്കുമെന്ന ഭയമാണ് അവർക്ക്. കുടുംബാധിപത്യ പാർട്ടികൾ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു. അടുത്തെങ്ങും അധികാരത്തിൽ വരില്ലെന്ന് ഉറപ്പുള്ളപ്പോൾ യാഥാർഥ്യ ബോധ്യമില്ലാത്ത പല വാഗ്ദാനങ്ങളും അവർക്കു നൽകാൻ കഴിയുമെന്നും മോദി പറഞ്ഞു.

കുടുംബാധിപത്യ പാർട്ടിയാണ് യുപി ഭരിച്ചിരുന്നെങ്കിൽ കോവിഡുമായി മല്ലിടാൻ അവർ നിങ്ങളെ വിടുമായിരുന്നു. കോവിഡ് വാക്‌സീൻ തെരുവിൽ, കരിഞ്ചന്തകളിൽ വിൽക്കപ്പെടുമായിരുന്നു. അധികാരത്തിൽ ഇരിക്കുമ്പോൾ അവർ നിങ്ങളോട് എന്തു ചെയ്തു എന്നാണ് നിങ്ങൾ ഓർക്കേണ്ടത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് വഴിമരുന്നിടുന്നവരാണ് അവർ. യുപിയിലെ ജനങ്ങളോട് പകരം വീട്ടാൻ അവസരത്തിന് അവർ കാത്തിരിക്കുന്നു. ജനങ്ങളെ കുറിച്ചല്ല മാഫിയകളെ കുറിച്ചാണ് അവരുടെ ആശങ്ക. അവർ തിരികെ അധികാരത്തിൽ വന്നാൽ യുപി വീണ്ടും കലാപഭൂമിയാകും.

ജനങ്ങൾ ബിജെപിക്ക് ഒപ്പമാണെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു. യുപിയെ വികസനത്തിലേക്ക് നയിക്കുന്നവർക്കാകും അവരുടെ വോട്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായി നിലകൊള്ളുന്നവരെ, കലാപങ്ങളിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്നവരെ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നവരെ അവർ ഇത്തവണയും അധികാരത്തിലേറ്റും. യുപിയിൽ ബിജെപി അധികാരത്തുടർച്ച നേടുമെന്നും യുപിയെ വികസനത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് യോഗി ആദിത്യനാഥ് സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച സർക്കാരാണ് യുപിയിലേത്. മുത്തലാഖ് നിർത്തലാക്കി മുസ്ലിം സ്ത്രീകളെ ദുരിതത്തിൽ നിന്ന് കരകയറ്റിയത് ബിജെപിയാണ്. മുസ്ലിം സഹോദരങ്ങളെ പുരോഗതിയിൽനിന്ന് തടയാനാണ് മറ്റുള്ള സർക്കാരുകൾ ശ്രമിച്ചിരുന്നത്. ദരിദ്രരുടെയും സമൂഹത്തിലെ പിന്നാക്കക്കാരുടെയും വികസനത്തിനും അഭിവൃദ്ധിക്കും ഈ സർക്കാർ തുടരേണ്ടത് അനിവാര്യതയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

യുപിയിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിൽ ഇന്നാണ് വോട്ടെടുപ്പ്. യുപിയിലെ ചില മണ്ഡലങ്ങളിൽ വെർച്വൽ റാലിയിൽ നരേന്ദ്ര മോദി പ്രസംഗിച്ചുവെങ്കിലും യുപിയിൽ പ്രധാനമന്ത്രി നേരിട്ടു പങ്കെടുക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് യോഗമാണ് സഹാറൻപൂരിലേത്. രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 14 നാണ് സഹാറൻപൂരിലെ തിരഞ്ഞെടുപ്പ്.