റിയാദ്: ദക്ഷിണ സൗദിയിലെ അബഹ ഇന്റർനാഷണൽ എയർപ്പോർട്ടിന് ആളില്ലാ വിമാനം ഉപയോഗിച്ച് യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ എയർപ്പോർട്ട് ലക്ഷ്യമാക്കിയെത്തിയ ഉടൻ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകൾ പതിച്ച് വിവിധ രാജ്യക്കാരായ 12 പേർക്ക് പരിക്കേറ്റു.

എയർപ്പോർട്ടിലെ തൊഴിലാളികൾക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതിൽ ഒരാൾ ഇന്ത്യക്കാരനാണ്. രണ്ടുപേർ സൗദികളും നാലുപേർ ബംഗ്ലാദേശികളും മൂന്നുപേർ നേപ്പാളികളുമാണ്. ഓരോ ഫിലിപ്പീൻസ്, ശ്രീലങ്കൻ പൗരന്മാർക്കും പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് വിമാനത്താവളത്തിന്റെ മുൻഭാഗത്തുള്ള ചില്ലുകൾ തകരുകയും ചെറിയ കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാനടപടികൾ സ്വീകരിച്ചതിന് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചു.