ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ ഭാഗികമായി തുറക്കും. കർണാടക ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യയനമാകും തിങ്കളാഴ്ച തുടങ്ങുക. പ്രീ യുണിവേഴ്സിറ്റി (പി.യു) കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് ഉണ്ടാകും. സർവകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് സർക്കാർ തീരുമാനം. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു.

നിലവിൽ ഉയർന്ന ക്ലാസുകളെ മാത്രമാണ് ഹിജാബ് വിഷയം ബാധിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വരെ സ്‌കൂളുകൾ ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഹിജാബിനെ ചൊല്ലിയുള്ള തർക്കം കർണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകൾക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.