- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്രാ സ്വദേശിനി മരിച്ച നിലയിൽ; തലയ്ക്ക് പിന്നിൽ അടിയേറ്റ മുഴ; ശരീരത്തിലും മർദ്ദനമേറ്റ പാടുകൾ: മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി ദൂരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. 30കാരിയായ ജിയ റാം ജിലോട്ടിനെയാണ് ദേഹത്തു പരുക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹ സാഹചര്യത്തിൽ സംഭവിച്ചതിനെ തുടർന്നു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ അഞ്ചരയോടെ സെല്ലിൽ പതിവുപരിശോധനയ്ക്കു ഡോക്ടർ എത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയിൽ കണ്ടതെന്ന് അധികൃതർ പറഞ്ഞു.
മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വൈകിട്ടു വഴക്കുണ്ടായിരുന്നതായി പറയുന്നു. കുതിരവട്ടത്ത് ഒരേ സെല്ലിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയും ജിയയും തമ്മിൽ ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായതായും കൊൽക്കത്ത സ്വദേശിനിക്കു പരുക്കേറ്റതായും അധികൃതർ പറയുന്നു. തുടർന്നു ജിയയെ അഞ്ചാം വാർഡിലെ പത്താം നമ്പർ സെല്ലിലാക്കി.
എന്നാൽ മൃതദേഹത്തിൽ തലയുടെ പിന്നിൽ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തിൽ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു. അസ്വാഭാവിക മരണത്തിനു മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. തഹസിൽദാർ രമ്യ എസ്.നമ്പൂതിരിയുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളജ് എസ്‌ഐ വി.വി.ദീപ്തിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കഴിഞ്ഞ മാസം അവസാനമാണ് മഹാരാഷ്ട്ര സ്വദേശിയായ ജിയയെ തലശ്ശേരി മഹിളാമന്ദിരത്തിൽനിന്നു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയും കൊണ്ടു തലശ്ശേരിയിൽ അലഞ്ഞുതിരിയുകയായിരുന്നു. കുഞ്ഞിനെ അടിക്കുന്നതു കണ്ടു പൊലീസ് ഇടപെട്ടാണു ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ വച്ചു തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും, ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നൽകിയ മൊഴി. ഭർത്താവിനെ അന്വേഷിച്ചാണു തലശ്ശേരിയിലെത്തിയത്. മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ