ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രത്തിന് ആശംസകളുമായി നടൻ രൺബീർ കപൂർ. ദുൽഖറിനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹേ സിനാമികാ'. ഒരു അഭിനേതാവ് എന്ന നിലയിൽ ദുൽഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രൺബീർ പറയുന്നു.

'ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ ആശംസകൾ. ഞാൻ ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടൻ എന്ന നിലയിൽ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവർ. കാജലിന്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവർക്കൊപ്പം അധികം വൈകാതെ അഭിനയിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എനിക്കേറെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അനുഭവം എനിക്കുണ്ട്. ബൃന്ദ മാസ്റ്ററോട് എനിക്കൊരുപാട് സ്‌നേഹവും ആദരവും ഉണ്ട്. മാർച്ച് 3ന് തീയേറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു', വീഡിയോ സന്ദേശത്തിൽ രൺബീർ പറയുന്നു.

ചിത്രത്തിലെ പുതിയ ?ഗാനം പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് രൺബീറിന്റെ ആശംസാ സന്ദേശം എത്തിയിരിക്കുന്നത്. ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരംഭമാണ് ഹേ സിനാമികാ. ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ.

ഗോവിന്ദ് വസന്തയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്.