- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗ്ഗീയതയും തീവ്രവാദവും കലാലയങ്ങളിലേയ്ക്ക് പടരുന്നത് അപകടകരം: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: വർഗ്ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസ്സുകളിൽ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരിൽ കാമ്പസുകളിൽ യുവതലമുറ തമ്മിലടിച്ചു നശിക്കുന്ന സാമൂഹ്യവിപത്ത് വലിയ വെല്ലുവിളിയാണുയർത്തുന്നത്. കർണ്ണാടകത്തിൽ നടന്ന സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് ഭാരതസമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാലയ അന്തരീക്ഷത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ യുവത്വം തമ്മിലടിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ ആരെയും അനുവദിക്കരുത്. ഉത്തമവ്യക്തിത്വങ്ങളെ വാർത്തെടുക്കുകയെന്ന അടിസ്ഥാന വിദ്യാഭ്യാസ ലക്ഷ്യത്തിൽനിന്ന് മതതീവ്രവാദത്തിന്റെ ഇടത്താവളമായി കലാലയങ്ങൾ മാറിയാൽ രാജ്യത്തുടനീളം വൻ അരാജകത്വം സംജാതമാകും.
വിദ്യാഭ്യാസമേഖലയിൽ യുവസമൂഹത്തിന്റെ ജീവനെടുക്കുന്ന രാഷ്ട്രീയ അരാജകത്വം വളർച്ചപ്രാപിക്കുന്നതിൽ ആശങ്കകൾ ഏറെയുണ്ട്. ഭാവിയിൽ വർഗ്ഗീയ മതവിദ്വേഷ വിഷംചീറ്റലായി ഇതു കത്തിപ്പടർത്തുവാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടാകാം. പൗരബോധവും രാജ്യസ്നേഹവുമുള്ള പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്തുകൾ വലുതായിരിക്കും. കലാലയ യൂണിഫോമുകൾ തുല്യതയുടെ അടയാളങ്ങളാണ്. വളരുന്ന തലമുറയിൽ യാതൊരു വേർതിരിവുകളുമില്ലെന്നും എല്ലാവരും വിദ്യാലങ്ങളിൽ സമന്മാരാണെന്നുമുള്ള സന്ദേശമാണ് യൂണിഫോം നൽകുന്നത്. അതിനെ മതത്തിന്റെ കണ്ണിൽക്കൂടി കാണാൻ ശ്രമിക്കരുത്. മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി സ്നേഹവും ഐക്യവും ആദർശധീരതയും രാജ്യസ്നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന കലാശാലകളെ കലാപശാലകളാക്കാൻ ആരെയും അനുവദിക്കരുതെന്നും ഭീകരതീവ്രവാദപ്രസ്ഥാനങ്ങളുടെ ഇടത്താവളമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധഃപതിക്കരുതെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.