കോഴിക്കോട്: ഭരണകൂട ഭീകരതക്ക് നേരെ ഉയരുന്ന ചോദ്യങ്ങളെയും ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വൺ എന്നും മാധ്യമ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിദ്യാർത്ഥി സമൂഹം ഒരുമിച്ചു നിന്ന് എതിർക്കണമെന്നും സ്റ്റുഡന്റ് കോഡിനേഷൻ ആവശ്യപ്പെട്ടു.

ജില്ലയിലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ സ്റ്റാന്റ് വിത്ത് മീഡിയ വൺ: സ്റ്റുഡന്റ് പ്രൊടെസ്റ്റ് എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിലാണ് ആവശ്യം ഉയർന്നത്. കാരണം പോലും വ്യക്തമാക്കാതെ കേരളത്തിലെ പ്രമുഖ വാർത്ത ചാനലായ മീഡിയ വണ്ണിന് നേരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ്. രാജ്യ സുരക്ഷയുടെ പേരിൽ ഭരണകൂട ഭാഷ്യങ്ങളെ അതേപടി അംഗീകരിക്കുന്ന സംവിധാനങ്ങൾ ആണ് നമ്മുടെ മുന്നിലുള്ള യാഥാർഥ്യം.

ഇന്ന് മീഡിയ വണ്ണിന് നേരെയുള്ള വിലക്ക് നാളെ മറ്റേതു വാർത്താ മാധ്യമത്തിനു നേരെയും ഉണ്ടായേക്കാം. സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന് ഏറെ ഭീഷണിയാണ് ഭരണകൂടത്തിന്റെ ഇത്തരം നടപടികൾ.

ഭരണഘടന ഉറപ്പു നൽകുന്ന സകല അവകാശങ്ങളെയും കാറ്റിൽ പറത്തി തങ്ങളുടെ വർഗീയ അജണ്ടകളെ നടപ്പിലാക്കാനുള്ള സംഘപരിവാർ നീക്കങ്ങളെ വിദ്യാർത്ഥികൾ എന്ത് വില കൊടുത്തും ചെറുക്കണമെന്നും പരിപാടി ആവശ്യപ്പെട്ടു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എന്നും മീഡിയ വണ്ണിനൊപ്പം നിലയുറപ്പിക്കാൻ വിദ്യാർത്ഥികൾ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റങ്ങളെ വിദ്യാർത്ഥികൾ തെരുവിൽ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും പരിപാടി പ്രഖ്യാപിച്ചു.

നഈം ഗഫൂർ, ലുലു മർജാൻ, താഹ ഫസൽ, ഫർഹ, അഡ്വ. അബ്ദുൽ വാഹിദ്, അൻവർ കോട്ടപ്പള്ളി, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.