കണ്ണൂർ: പാപ്പിനിശേരിക്കടുത്തെ വേളാപുരം മെരളി വയലിന് സമീപത്ത് നിന്നും ബോംബെന്ന് സംശയിച്ച് കണ്ടെടുത്ത ഗോളാകൃതിയിലുള്ള സാധനം വെറും ചൈനീസ് പടക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച്ച വെകുന്നേരം മെരളി വയലിൽ പച്ചക്കറിക്ക് കുഴി എടുക്കുന്നതിനിടയിലാണ് കർഷകനായ എം. പത്മനാഭൻ ഗോളാകൃതിയിലുള്ള സാധനം കണ്ടെത്തിയത്.

സ്ഥലത്തെത്തിയ നാട്ടുകാർ ബോംബാണെന്ന് സംശയമുന്നയിച്ചതിനാൽ സാധനം പ്രത്യേക പാത്രത്തിൽ പൂഴി നിറച്ച് സൂക്ഷിക്കുകയായിരുന്നു. വിവരം ഇന്നലെ രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികളെ അറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലീസെത്തി.

തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് സ്ഫോടക വസ്തുവെന്ന് സംശയിച്ച സാധനം കസ്റ്റഡിയിലെടുത്തത്. സാധനം വളപട്ടണം പൊലീസ് ബോംബ് സ്‌കോഡിന്റെ മേൽനോട്ടത്തിൽ വിശദമായി പരിശോധിച്ചതിന് ശേഷമാണ് ആശങ്ക ഉയർത്തിയ വസ്തു വെറും ചൈനീസ് പടക്കം മാത്രമെന്ന് തിരിച്ചറിഞ്ഞത്.