- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിപ്പാട്ടമെടുക്കാൻ ശ്രമിക്കവേ പിഞ്ചുബാലൻ കിണറ്റിൽ വീണു മരിച്ചു; 23 മീറ്റർ ആഴമുള്ള വായൂ സഞ്ചാരമില്ലാത്ത കിണറ്റിൽ വീണത് രണ്ടര വയസ്സുകാരൻ സൽമാൻ
കാഞ്ഞങ്ങാട്: കയ്യിൽ നിന്നും തെറിച്ച് കിണറിന്റെ വലയിൽ വീണ കളിപ്പാട്ടമെടുക്കാൻ ശ്രമിക്കവേ പിഞ്ചുബാലൻ കിണറ്റിൽ വീണു മരിച്ചു. മഡിയൻ സബാൻ റോഡിലെ കുഞ്ഞബ്ദുള്ളയുടെയും ഹസീനയുടെയും മകൻ സൽമാൻആണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
കളിക്കുന്നതിനിടെ തെറിച്ചു വീണ കളിപ്പാട്ടം കിണറിന്റെ വലയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടി ചുറ്റുമതിലിൽ പിടിച്ച് കയറുകയായിരുന്നു. കിണറ്റിനു ചുറ്റിലും മണ്ണിട്ടതിനാൽ ആൾമറയുടെ ഉയരം കുറഞ്ഞിരുന്നു. ആൾമറയിൽ കയറി കുട്ടി കളിപ്പാട്ടമെടുക്കാനായി കൈനീട്ടിയപ്പോൾ തെന്നിവീഴുകയായിരുന്നു. 23 മീറ്റർ ആഴമുള്ള കിണറ്റിലാണ് കുട്ടി വീണത്. അടുത്ത് ആരുമുണ്ടായിരുന്നില്ല. അതിനാൽ കുട്ടി കിണറ്റിൽ വീണ വിവരം ആരും അറിഞ്ഞതുമില്ല.
കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരഞ്ഞു. വല നീങ്ങിയതായി ശ്രദ്ധയിൽപ്പെട്ട് സംശയം തോന്നിയതിനെ തുടർന്നാണ് കിണറ്റിൽ ഇറങ്ങി നോക്കിയത്. സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. അഗ്‌നിരക്ഷാസേന ജീവനക്കാരൻ രാജൻ തൈവളപ്പ് സ്‌കൂബസെറ്റ് ധരിച്ചാണ് വായു സഞ്ചാരംകുറഞ്ഞ കിണറ്റിലിറങ്ങി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സഹോദരങ്ങൾ: സാഹിദ്, സയാൻ.