ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി അധികാരം നിലനിർത്തിയാൽ ഏകീകൃതസിവിൽ കോഡ് നടപ്പാക്കുമെന്ന വിവാദ വാഗ്ദാനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. 70 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14ന് നടക്കാനിരിക്കെയാണ് പുഷ്‌കർ സിങ് ധാമിയുടെ പ്രഖ്യാപനം. ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ എല്ലാവർക്കും ഒരേ തരത്തിൽ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃതസിവിൽ കോഡ് നടപ്പാക്കണമെന്നാണ് പുഷ്‌കർ സിങ് ധാമി പറഞ്ഞത്. വീണ്ടും ബിജെപി സർക്കാർ രൂപീകരിച്ചാൽ ഉടനടി ഏകീകൃതസിവിൽ കോഡിനുള്ള കരട് രൂപരേഖയ്ക്കായി ഒരു സമിതി രൂപീകരിക്കുമെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി.

വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവയ്‌ക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവിൽ കോഡ് നടപ്പാക്കിയാൽ നിലവിൽ വരിക എന്നും പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി.

സംസ്ഥാനത്ത് സാമൂഹ്യനീതിയും, സമത്വവും, ലിംഗനീതിയും, വനിതാ വിമോചനവും ഉറപ്പാക്കാൻ ഏകീകൃതസിവിൽ കോഡ് നടപ്പാക്കണം. അത് സംസ്ഥാനത്തിന്റെ ''അത്യസാധാരണമായ സാംസ്‌കാരിക- ആത്മീയ സ്വത്വത്തെയും പരിസരത്തെയും സംരക്ഷിക്കു''മെന്നും പുഷ്‌കർ സിങ് ധാമി അവകാശപ്പെടുന്നു.

''ഞാനിപ്പോൾ നടത്താൻ പോകുന്ന പ്രഖ്യാപനം എന്റെ പാർട്ടിയുടെ പ്രഖ്യാപിതനിലപാടാണ്. പുതുതായി സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചാൽ ഉടൻ ഈ നിലപാട് നടപ്പാക്കും. 'ദേവഭൂമി ഉത്തരാഖണ്ഡി'ന്റെ പാരമ്പര്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ചുമതല. ഇതിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'', ഖാതിമയിൽ നടത്തിയ എഎൻഐ അഭിമുഖത്തിൽ ധാമി വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാനതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃതസിവിൽ കോഡ്. 2016 ജൂണിൽ കേന്ദ്രനിയമമന്ത്രാലയം ഇരുപത്തിയൊന്നാമത് കേന്ദ്രനിയമകമ്മീഷനോട് രാജ്യത്ത് ഏകീകൃതസിവിൽ കോഡ് നടപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ തേടിയിരുന്നു. എന്നാൽ 2018 ഓഗസ്റ്റ് 31-ന് ആ നിയമകമ്മീഷന്റെ കാലാവധി അവസാനിച്ചു. 22-ാമതി ദേശീയനിയമകമ്മീഷൻ ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് നിയമമന്ത്രി കിരൺ റിജ്ജു വ്യക്തമാക്കിയത്.

ഭരണഘടനയുടെ 44-ാം വകുപ്പ് പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് തുല്യാവകാശം ഉറപ്പാക്കാൻ ഏകീകൃതസിവിൽ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രനിയമമന്ത്രിയുടെ പക്ഷം.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനെ ചെയ്ത് സംസാരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന സംസ്ഥാനത്ത് കോൺഗ്രസും ഗംഭീര റാലികളും പൊതുയോഗങ്ങളും നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഖാതിമയിലും ഹൽദ്വീനിയിലും ശ്രീ നഗറിലുമുള്ള റാലിയിൽ പ്രിയങ്ക ഗാന്ധിയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും

തുടർച്ചയായി ഇതുവരെ ഒരു പാർട്ടിയും രണ്ടാമത് അധികാരത്തിലെത്തിയ ചരിത്രം ഉത്തരാഖണ്ഡിലില്ല. ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡ് പോളിങ് ബൂത്തിലെത്തുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

2017-ൽ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 56 സീറ്റുകളുമായി അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസിന് കിട്ടിയത് വെറും 11 സീറ്റുകളാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡ് നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുകൾ വേണം.