കൊച്ചി: കാറപകടമുണ്ടാക്കിയ പ്രതികൾ ഇൻസ്റ്റാഗ്രാം വഴിയും ഫേസ്‌ബുക്ക് വഴിയും ബന്ധം സ്ഥാപിച്ച് വിദ്യാർത്ഥിനികളെ വലയിലാക്കി ലഹരി മരുന്ന് നൽകി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ്. കലൂരിൽ കാർ അപകടത്തിൽ പെട്ടു ഒരാൾ മരിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ ഫാക്ട് നഗർ പെരുമ്പിള്ളിൽ സോണി സെബാസ്റ്റ്യൻ(25), ഏരൂർ അരഞ്ഞാണിൽ വീട്ടിൽ ജിത്തു(28) എന്നിവർ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകുന്നത്.

വ്യാഴാഴ്ച വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കലൂർ പാവക്കുളം ക്ഷേത്രത്തിനു സമീപത്തു വച്ച് ഗുഡ്സ് ഓട്ടോറിക്ഷ, ഇലക്ട്രിക് സ്‌കൂട്ടർ, ഉന്തുവണ്ടി എന്നിവ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞത്. കലൂർ ദേശാഭിമാനി ജങ്ഷനിൽ വച്ചു പൊലീസും നാട്ടുകാരും വാഹനം തടഞ്ഞു പ്രതികളെ പിടികൂടി. അപകടത്തിൽ ഉന്തുവണ്ടിയുമായി പോകുകയായിരുന്ന മാലിന്യശേഖരണ തൊഴിലാളി കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി നിവാസി വിജയൻ(40) ആണ് മരിച്ചത്. സ്‌കൂട്ടർ യാത്രക്കാരൻ പരുക്കേറ്റ് ചികിത്സയിലാണ്. കാറിൽ യാത്ര ചെയ്ത യുവാക്കൾ മദ്യപിച്ചിരുന്നില്ല എന്നതിനാൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാൽ കാറിൽ നിന്നും വാഹനത്തിൽ നിന്നു കഞ്ചാവ് ബീഡി ഉൾപ്പടെയുള്ള ലഹരികൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിലാണ് കാറിൽ രണ്ടു യൂണിഫോം ധരിച്ച പെൺകുട്ടികൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.

തുടർന്ന് പൊലീസ് പ്രതികളെ ചോദ്യം ചെയ്തതോടെ പെൺകുട്ടികളെ കണ്ടെത്തി. ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയിുന്നത്. കഴിഞ്ഞ മൂന്നുമാസമായി പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസിനു പുറമേ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. പെൺകുട്ടികൾക്കു ലഹരി നൽകി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമാന രീതിയിൽ വൻ മാഫിയ സംഘങ്ങൾ തന്നെ കൊച്ചിയിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയിത്തിലാക്കുകയും പിന്നീട് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയുമാണ് പ്രതികൾ ചെയ്തത്.