ഭോപാൽ: റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടിയെ അതി സാഹസികമായി രക്ഷിച്ച് യുവാവ്. ട്രെയിൻ കടന്നു പോകുന്നത് വരെ പെൺകുട്ടിയെ ചേർത്തു പിടിച്ചു ട്രാക്കിൽ കിടന്നാണ് യുവാവ് ജീവൻ രക്ഷിച്ചത്. സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. മധ്യപ്രദേശിലെ ഭോപാലിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് സംഭവം നടന്നത്.

ഭോപാൽ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാൽ ട്രെയിൻ കടന്നു പോകുന്നത് വരെ പെൺകുട്ടിയെ പിടിച്ച് ട്രാക്കിൽതന്നെ കിടക്കുകയായിരുന്നു.

'ചുവന്ന സൽവാർ ധരിച്ചിരുന്ന പെൺകുട്ടി പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു താൻ. ഒരു ഗുഡ്സ് ട്രെയിൻ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പെൺകുട്ടി ട്രാക്കിൽ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാൻ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആർക്കു വേണ്ടിയാണെങ്കിലും ഞാൻ ഇതുതന്നെ ചെയ്യുമായിരുന്നു' മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ പെൺകുട്ടി ട്രാക്കിൽനിന്ന് എഴുന്നേൽക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെൺകുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്‌ത്തി പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ട്രെയിൻ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി ജനങ്ങൾ മെഹബൂബിനെ വളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. പ്ലാറ്റ്ഫോമിൽ നിന്നിരുന്ന പെൺകുട്ടി പൊടുന്നനെ കാൽവഴുതി ട്രാക്കിൽ വീഴുകയായിരുന്നുവെന്നും മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവൻ തിരികെ കിട്ടിയതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.