- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെളിച്ചം നിഷേധിച്ച എംഎൽഎയ്ക്ക് ഇരുട്ട് നൽകി ജനകീയ പ്രതിഷേധം'; ട്വന്റി20 യുടെ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തടസം നിന്ന പി.വി ശ്രിനിജനെതിരെ ലൈറ്റുകൾ അണച്ച് നാട്ടുകാർ തെരുവിൽ; നാടിന് ശാപമായ എംഎൽഎയെ വേണ്ടെന്ന് മുദ്രാവാക്യം
കിഴക്കമ്പലം: പഞ്ചായത്ത് ഭരണസമിതി നടപ്പാക്കാൻ ലക്ഷ്യമിട്ട ട്വന്റി20യുടെ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് തടസം നിന്ന പി.വി ശ്രിനിജൻ എംഎൽഎയോടുള്ള പ്രതിഷേധ സൂചകമായി പഞ്ചായത്തുകളിൽ വിളക്ക് അണച്ച് ജനകീയ പ്രതിഷേധം. ട്വന്റി20 ഭരണം നടത്തുന്ന പഞ്ചായത്തുകളിലെ വീടുകളിൽ വിളക്കുകൾ അണച്ച് നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്.
ഇന്നലെ വൈകീട്ട് 7 മുതൽ 7.15 വരെയാണ് ജനങ്ങൾ ഒന്നടങ്കം വിളക്കുകൾ കെടുത്തി പ്രതിഷേധിച്ചത്. വിളക്കുകൾ കെടുത്തി തെരുവുകളിൽ ഇറങ്ങിയ ജനങ്ങൾ നാടിന് ശാപമായി മാറിയ ഇങ്ങനെയൊരു എംഎൽഎ തങ്ങൾക്കുവേണ്ട എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലായി നടന്ന പ്രതിഷേധ സമരത്തിന് പഞ്ചായത്തു പ്രസിഡന്റുമാരായ ബിൻസി ബൈജു, ഡീനാ ദീപക്ക്, എം.വി നിതാമോൾ, മിനി രതീഷ് എന്നിവർ നേതൃത്വം നൽകി.
ട്വന്റി20 ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി ഇതിനോടകം വലിയ ചർച്ചാ വിഷയമായിരുന്നു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയിൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലുള്ളവരിൽ നിന്നും നിർബന്ധിതമല്ലാത്ത സംഭാവനകൾ സ്വീകരിച്ച് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഏറ്റവും ഗുണമേന്മയുള്ള തെരുവുവിളക്കുകളാണ് പഞ്ചായത്തുകളിലെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലുമായി സ്ഥാപിച്ചത്.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും ലൈറ്റുകൾ സ്ഥാപിച്ചത് ജനങ്ങൾ ഏറെ ആഹ്ളാദത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ട്വന്റി20 യിലൂടെയുള്ള ഈ ജനമുന്നേറ്റം തങ്ങൾക്കനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞ എംഎൽഎ കെ.എസ്.ഇ.ബി അധികൃതരെ ഭീഷണിപ്പെടുത്തി പദ്ധതി നിർത്തിവെപ്പിക്കുകയായിരുന്നു.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുവേണ്ടി പഞ്ചായത്തുകളിൽ സ്വകാര്യപങ്കാളിത്തം ആവശ്യമില്ലെന്നായിരുന്നു എംഎൽഎ യുടെ വാദം. മാത്രമല്ല സംസ്ഥാനം രൂപപ്പെട്ടതു മുതൽ ഇതുവരെയില്ലാത്ത വിധം തെരുവുകളിൽ വിളക്കുകൾ തെളിച്ചത് എന്തിനെന്നുമായിരുന്നു എംഎൽഎ യുടെ ചോദ്യം. ഇതോടെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ട്രീറ്റ് ലൈറ്റ് പദ്ധതി പാതിവഴിയൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലായി.
ലൈറ്റുകൾ അണയ്ക്കൽ പ്രതിഷേധം അറിയിച്ച് നടത്തിയ അനൗൺസ്മെന്റ് വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും, ഡ്രൈവറെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ട്വന്റി20 തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ പഞ്ചായത്തുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിലും എംഎൽഎ വിലങ്ങു തടിയാവുകയാണ്. വികസന പദ്ധതികൾക്ക് ഡി.പി.സി മുഖേന ലഭിക്കേണ്ട ഒരംഗീകാരവും എംഎൽഎ യുടെ ഇടപെടലിൽ പഞ്ചായത്തുകൾക്ക് ലഭിക്കുന്നില്ല.
ട്വന്റി20 ഭരണം നടത്തുന്ന പഞ്ചായത്തുകളിൽ ഒരു വികസനവും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വന്റി20 ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് എംഎൽഎ നടത്തുന്നതെന്ന് ട്വന്റി20 ഭാരവാഹികൾ പറഞ്ഞു. എതുതരത്തിലുള്ളവ പ്രതിസന്ധികളെയും അതിജീവിച്ച് ട്വന്റി20 ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.