വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസ് പിടിച്ചെടുത്ത 850 കോടി രൂപ വിലമതിക്കുന്ന രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവ് തീയിട്ട് നശിപ്പിച്ചത്. രണ്ടര വർഷമായി പൊലീസ് പിടികൂടിയതാണ് ഇത്രയും കിലോ കഞ്ചാവ്.

ഓപ്പറേഷൻ പരിവർത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പൊലീസ് കഞ്ചാബ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് പൊലീസ് തീയിട്ട് നശിപ്പിച്ചത്. അനകപ്പള്ളിക്ക് സമീപത്തെ കുഡുരു ഗ്രാമത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തുവച്ചായിരുന്നു സംഭവം. തീയിടുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

കൂട്ടിയിട്ട കഞ്ചാവിന് മുകളിൽ വിറകുനിരത്തിയാണ് തീയിടുന്നത്. ആന്ധ്രപ്രദേശിലെ ചില പ്രദേശങ്ങളിൽ കഞ്ചാവ് കൃഷി വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നത്. വ്യാപക റെയ്ഡിലൂടെ കിലോക്കണക്കിന് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. അതിനു പുറമെ ഓപ്പറേഷന്റെ ഭാഗമായി 8500 ഏക്കറോളം കഞ്ചാവ് കൃഷിയും പൊലീസ് നശിപ്പിച്ചു.

വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നടപടിയുടെ ഭാഗമായി 1,363 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 562 പേർ ഉൾപ്പെടെ 1,500 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.2021 നവംബറിലാണ് ആന്ധ്രപൊലീസ് ഓപ്പറേഷൻ പരിവർത്തൻ ആരംഭിച്ചത്.