കാഞ്ഞിരപ്പള്ളി: ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കിക്കൊണ്ട് കൃഷ്ണപ്രിയ ഈ ലോകത്ത് നിന്നും യാത്രയായി. ദിവസങ്ങൾക്ക് മുമ്പ് താൻ ജന്മം നൽകിയ ഇരട്ട കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാൻ ഭാഗ്യം ലഭിക്കാതെയാണ് ആ അമ്മ വിടപറഞ്ഞത്. പ്രവസത്തിന് ശേഷം അബോധാവസ്ഥയിലായ തമ്പലക്കാട് പാറയിൽ ഷാജി- അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ (24) ചികിത്സയിൽ കഴിയവേ ഇന്നലെയാണ് മരിച്ചത്.

ജനുവരി 29ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. തുടർന്ന് ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രിയയുടെ ചികിത്സയ്ക്കായി നാടൊന്നിച്ചു പണം സ്വരൂപിച്ചു വരികയായിരുന്നു. എന്നാൽ കൃഷ്ണപ്രിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട് അവൾ ഈ ലോകത്തോട് വിടപറയുകയായിരുന്നു.

ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി, പിറ്റേന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട് കൃഷ്ണപ്രിയ അബോധാവസ്ഥയിലായി. അണുബാധയെത്തുടർന്ന് രക്ത സമ്മർദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായതായും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും ഡോക്ടർമാർ പറയുന്നു. കൃഷ്ണപ്രിയയുടെ ഭർത്താവ് മൂവാറ്റുപുഴ ആയവന പാലനിൽക്കുംപറമ്പിൽ പ്രവീൺ ഡ്രൈവിങ് ജോലി ചെയ്താണ് കുടുംബം കഴിഞ്ഞുവന്നത്.

ക്രഷറിൽ ജോലി ചെയ്തുവന്ന പിതാവ് ഷാജിക്ക് ശ്വാസം മുട്ടൽ രൂക്ഷമായതിനെത്തുടർന്നു ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അമ്മ അനിത പശുവിനെ വളർത്തിയാണ് കുടുംബം പുലർത്തുന്നത്. സഹോദരൻ അനന്തു പ്ലസ്ടുവിനു ശേഷം പഠനം തുടരാൻ കഴിയാതെ നിൽക്കുന്നു. കൃഷ്ണപ്രിയയുടെ സംസ്‌കാരം ഇന്നു മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ നടത്തും.