- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുടിനേ വെറുതേ പണി ഇരന്നു വാങ്ങരുതേ... വിചാരിക്കാത്ത മറുപണി ഞൊടിയിടയിൽ നൽകും; റഷ്യൻ പ്രസിഡണ്ടിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; വെറുതെ തങ്ങളുടെ വായിൽ കോലിട്ടു കടിപ്പിക്കരുതെന്ന് റഷ്യയും; ഉക്രെയിൻ-റഷ്യൻ സംഘർഷം പൊട്ടിത്തെറിയിലേക്ക്
ഉക്രെയിൻ ആക്രമണവുമായി മുന്നോട്ട് പോകാനാണ് ഭാഗമെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം റഷ്യ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് അമേരിക്ക ഇന്നലെ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ഫോണിൽ വിളിച്ച് ജോ ബൈഡൻ ഇക്കാര്യം നേരിൽ പറയുകയായിരുന്നു. ഏതു സമയവും റഷ്യ, ഉക്രെയിനെ ആക്രമിക്കുമെന്നാണ് അമേരിക്ക സംശയിക്കുന്നത്. അതുകൊണ്ടു തന്നെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരിൽ പലരും ഉക്രെയിൻ വിട്ട് സ്വദേശത്തേക്ക് തിരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും കൂടി ഒരു മണിക്കൂറോളം നേരം ടെലിഫോൺ സംഭാഷണം നടത്തിയത്.
ജോ ബൈഡന്റെ നിലപാട് വളരെ വ്യക്തമായിരുന്നു എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തിയത്. റഷ്യ യുദ്ധം ആരംഭിക്കുകയാണെങ്കിൽ ഉടനടി തന്നെ അമേരിക്ക അവരുടെ സഖ്യകക്ഷികളോടും മറ്റ് സുഹൃദ് രാജ്യങ്ങളോടും ചേർന്ന് റഷ്യയ്ക്കെതിരെ സാമ്പത്തികവും രാഷ്ട്രീയവുമായ കടുത്ത ഉപരോധം ഏർപ്പെടുത്തും എന്ന് അദ്ദേഹം റഷ്യൻ പ്രസിഡണ്ടിനോട് തുറന്നു പറഞ്ഞു. മാത്രമല്ല, അത്തരമൊരു യുദ്ധം വ്യപകമായ നശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകി.
അതേസമയം 3000 അമേരിക്കൻ പട്ടാളക്കാരെ കൂടി പോളണ്ടിലേക്ക് അയയ്ക്കുന്നതായി ഇന്നലെ പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇപ്പോൾ തന്നെ പോളണ്ടിലുള്ള 1700 അമേരിക്കൻ സൈനികർക്കൊപ്പം 82-ാം എയർബോൺ ഡിവിഷനിലെ ഈ മൂവായിരം സൈനികരു ചേരും. ഉക്രെയിനിൽ നിന്നും കരമാർഗ്ഗം ഒഴിപ്പിച്ച് അതിർത്തിയിൽ എത്തിക്കുന്നവരുടെ കാര്യങ്ങളായിരിക്കും ഇവർ പ്രധാനമായും ശ്രദ്ധിക്കുക എന്നറിയുന്നു. എന്നാൽ, ഉക്രെയിനിൽ ഉണ്ടായിരുന്ന 160 സൈനിക പരിശീലകരെ അമേരിക്ക പിൻവലിച്ചു.
ലോകം ഒരു യുദ്ധത്തെ കുറിച്ച് ആശങ്കപ്പെടുമ്പോൾ റഷ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആരും പരിഗണിക്കുന്നില്ല എന്നാണ് പുടിൻ പറയുന്നത്. ബൈഡനുമായുള്ള ടെലെഫോൺ സംഭാഷണത്തിലും പുടിൻ അത് വ്യക്തമാക്കിയതായി ക്രെംലിൻ വക്താവ് അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ടുമായി പുടിൻ ഫോണിൽ സംസാരിച്ചു എന്ന് സ്ഥിരീകരിച്ച വക്താവ്, അനാവശ്യമായ ഒരു യുദ്ധഭയം മേഖലയിൽ പടർത്താനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നതെന്നും പറഞ്ഞു. അതേസമയം, റഷ്യ ഉക്രെയിനെ ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് പൂർണ്ണമായും പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യവുമായി ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയും രംഗത്തെത്തി.
ഉക്രെയിനിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരോടും രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വലിയൊരു വിഭാഗം നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ നാട്ടിലേക്ക് എത്തിക്കുകയുമാണ്. ഇന്നു മുതൽ കോൺസുലാർ സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്യും. ഇതെല്ലാം കാണിക്കുന്നത് അമേരിക്ക യഥാർത്ഥത്തിൽ ഒരു യുദ്ധം പ്രതീക്ഷിക്കുന്നു എന്നുതന്നെയാണ്. എന്നാൽ, അക്കാര്യം തുറന്നുപറയാതെ, ഏറ്റവും മോശം സാഹചര്യത്തേയും തരണം ചെയ്യുവാനുള്ള ചില തയ്യാറെടുപ്പുകൾ എന്നുമാത്രമാണ് ഇപ്പോൾ അമേരിക്ക പറയുന്നത്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാനായി ഉക്രെയിനിലെ പടിഞ്ഞാറൻ അതിർത്തിയിലിലെ എൽവീവ് നഗരത്തിൽ നാമമാത്രമായ ജീവനക്കാരോടു കൂടി അമേരിക്കൻ എംബസി പ്രവർത്തിക്കും.
അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങളും പാശ്ചാത്യ ഭരണകൂടങ്ങളും ചേർന്ന് നടത്തുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണ് ഈ യുദ്ധ ഭീതി എന്ന് റഷ്യൻ വിദേശകാര്യ മന്ത്രി ആരോപിക്കുന്നു. റഷ്യയുടെ യശ്ശസിന് കളങ്കം വരുത്താനും ലോക രാഷ്ട്രങ്ങൾക്കിടയിൽ റഷ്യയെ ഒറ്റപ്പെടുത്താനും ഉള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫസഫിക് സമുദ്രത്തിലെ റഷ്യൻ അതിർത്തിയിൽ അമേരിക്കൻ നാവിക കപ്പലുകൾ എത്തിയതായും റഷ്യ ആരോപിക്കുന്നു. എന്നാൽ, അവയെ റഷ്യൻ നാവിക സേന തുരത്തിയോടിച്ചെന്നും റഷ്യ അവകാശപ്പെടുന്നു.
ഒരു യുദ്ധമുണ്ടാകില്ലെന്ന് തുടർച്ചയായി പറയുമ്പോഴും റഷ്യയും അവരുടെ ഉക്രെയിൻ എംബസിയിൽ നിന്നും ജീവനക്കാരെ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞത് ഉക്രെയിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള സൈനിക നടപടികൾ ഉണ്ടായേക്കാം എന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എംബസി ജീവനക്കാരെ കുറച്ചത് എന്നാണ്. ഇന്നലെ രാവിലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണിബ്ലിൻകൻ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ സെർജി ലവ്രോവുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. എന്നാൽ, അമേരിക്ക യുദ്ധത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുകയാണ് എന്നായിരുന്നു സെർജിയുടെ പ്രതികരണം.
ആക്രമണമുണ്ടായാൽ റഷ്യ കനത്ത ഉപരോധം നേരിടേണ്ടി വരുമെന്ന് ബ്ലിൻകനും മുന്നറിയിപ്പ് നൽകി. ഇന്നലെ അമേരിക്കൻ ഡിഫൻസ് സെക്രട്ടറി റഷ്യൻ പ്രതിരോധമന്ത്രിയുമായും ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു. ക്രിമിയയിലും ഉക്രെയിൻ അതിർത്തിയിലും റഷ്യ നടത്തിയ സൈനിക വിന്യാസത്തെ കുറിച്ചായിരുന്നു പ്രധാനമായും സംസാരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. നേരിട്ടുള്ള ഒരു യുദ്ധം ഒഴിവാക്കുവാൻ അമേരിക്ക പരമാവധി ശ്രമിക്കുന്നുണ്ട് എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ബ്രിട്ടീഷ് പൗരന്മാരൊടും ഉക്രെയിൻ വിട്ട് പോകാൻ ബ്രിട്ടൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ ഉക്രെയിനിൽ സൈനികർക്ക് പരിശീലനം നൽകുന്ന ബ്രിട്ടീഷ് സൈനിക പരിശീലകരും ഉക്രെയിൻ വിടും. ജർമ്മനിയും നെതർലൻഡ്സും തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് ഉക്രെയിൻ വിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 3000 സൈനികരെ കൂടി അമേരിക്ക പോളണ്ടിലേക്ക് അയയ്ക്കുന്നുണ്ടെങ്കിലും ഒരു യുദ്ധമുണ്ടായാൽ അമേരിക്ക നേരിട്ട് അതിൽ പങ്കാളിയാകില്ല. സാമ്പത്തിക ഉപരോധം പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ ദുർബലപ്പെടുത്താനായിരിക്കും അമേരിക്ക ശ്രമിക്കുക.