തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ ഈസ്റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലും കഴിഞ്ഞദിവസം പിടിയിലായ രാജേന്ദ്രനാണെന്ന് പൊലീസിന്റെ സംശയം. തിരുവനന്തപുരം അമ്പലമുക്കിൽ നഴ്സറിക്കുള്ളിൽവെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനെ പൊലീസ് പിടികൂടിയത്.

കത്തി കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചാണ് നഴ്സറിയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. സമാനരീതിയിലാണ് ഇരിങ്ങാലക്കുടയിലെ കോമ്പാറയിൽ 2019-ൽ ആനീസ് എന്ന വീട്ടമ്മയും കൊല്ലപ്പെട്ടത്. ഇതാണ് ആനീസ് വധത്തിന് പിന്നിലും രാജേന്ദ്രനാണോ എന്ന സംശയമുയരാൻ കാരണം.

2019 നവംബർ 14-ന് വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിന് രാത്രി കൂട്ടിന് കിടക്കാൻ വരാറുള്ള സ്ത്രീ വൈകീട്ട് ആറരയോടെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. വീടിന്റെ മുൻവശത്തെ ഡോർ പുറത്തുനിന്ന് അടച്ചനിലയിലായിരുന്നു.

അകത്തുകയറി നോക്കിയപ്പോഴാണ് അടുക്കളയുടെ തൊട്ടടുത്ത ഹാളിൽ രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ ആനീസിനെ അവർ കണ്ടത്. പൊലീസ് അന്വേഷണത്തിൽ വളകൾ മോഷണം പോയതായി വ്യക്തമായെങ്കിലും കമ്മലുകളും മാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല. സംഭവം നടക്കുമ്പോൾ മൂന്ന് പെൺമക്കൾ ഭർത്തൃവീടുകളിലായിരുന്നു. മകനും ഭാര്യയും ഇംഗ്ലണ്ടിലും. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകമെന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീടും പരിസരവും അരിച്ചുപെറുക്കി.



എന്നാൽ, വിരലടയാളമോ മറ്റു തെളിവുകളോ ലഭിച്ചില്ല. പ്രതി ആയുധം പൊതിഞ്ഞുകൊണ്ടുവന്നതെന്നു കരുതുന്ന നവംബർ 13-ലെ പത്രക്കടലാസ് മാത്രമാണ് പൊലീസിന് ലഭിച്ച ആകെ തെളിവ്. ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധിപേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഇരിങ്ങാലക്കുട മുൻ ഡിവൈ.എസ്‌പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.

പിന്നീട് പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഘാതകരെ കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. കൊലപാതകം നടന്ന് ഒരു വർഷം തികയുന്ന ദിവസം ആനീസിന്റെ ബന്ധുക്കൾ സമരം നടത്തിയിരുന്നു.തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.

ഇതിനിടെയാണ് രാജേന്ദ്രൻ തിരുവനന്തപുരത്ത് പിടിയിലായത്. പിന്നാലെ ആനീസ് വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. രാജേന്ദ്രൻ എന്ന പേരിലോ മറ്റു വ്യാജപേരുകളിലോ ഇയാൾ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ ജോലിചെയ്തിരുന്നോ എന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇയാൾ ഹോട്ടലുകളിലോ ഇറച്ചിക്കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഏർപ്പെട്ടിരുന്നതായി അറിയാവുന്നവർ വിവരം കൈമാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

രാജേന്ദ്രനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ 0480-2825228, 9497991040 എന്നീ നമ്പറുകളിൽ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കും.