പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിൽ കുടുങ്ങിപ്പോയ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ ഗുരുതര വീഴ്‌ച്ച വരുത്തിയെന്ന നിരീക്ഷണത്തിന് പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് സന്ദേശവും പുറത്ത്. രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്‌സിന് അടിമുടി പോരായ്മ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സാപ്പ് സന്ദേശങ്ങൾ. വിദഗ്ധ പരിശീലനം നേടിയ ഇടുക്കിയിൽ നിന്നുള്ള പത്തംഗ സംഘം രാത്രി ചെറാട് എത്തിയെങ്കിലും മല കയറാൻ പൊലീസിന്റെ അനുവാദം തേടേണ്ട അവസ്ഥ വരെയുണ്ടായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

'ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വാഹനം പൊലീസ് തടഞ്ഞിടുന്ന നിലപോലും ഉണ്ടായി. മലയിൽ കയറാൻ പൊലീസിന്റെ അനുവാദം തേടേണ്ട ഗതികേടുണ്ടായി. മലയടിവാരത്ത് ഒരു ഫയർ ഓഫീസർ പോലും ഉണ്ടായിരുന്നില്ല. കളക്ടറുടെ അനുമതിയോടെയാണ് മല കയറിയത്'. മലയിൽ ആർമി, എൻഡിആർഎഫ്, പൊലീസ്, ഫോറസ്റ്റ് എന്നിവർക്കൊപ്പം ഒരു ഫയർ ഓഫീസർ പോലും ഉണ്ടായിരുന്നില്ലെന്നും വാട്ട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു. ബാബുവിന്റെ 50 മീറ്റർ അടുത്തുവരെ ഫയർ സംഘം എത്തിയിരുന്നു. വ്യക്തമായ ഏകോപനം ഉണ്ടായിരുന്നെങ്കിൽ ഫയർ ഫോഴ്‌സിന് റെസ്‌ക്യൂ മിഷൻ നടത്താമായിരുന്നു. പാലക്കാട് ഫയർ ഓഫീസർ വീട്ടിൽ പോയിട്ടുണ്ടാകും എന്നും വാട്ട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു.

മലമ്പുഴ ചെറാട് മലനിരകളിൽ ബാബു കുടുങ്ങിപ്പോയതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ അടക്കംപുറത്തുവന്നിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന നിരീക്ഷണത്തിന് പിന്നാലെ പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസർക്ക്, ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

അഗ്നി രക്ഷാ ഓഫീസർ ഋതീജിനോട് വിശദീകരണം തേടിയിട്ടുണ്ട്. ബാബുവിന് വേണ്ടി നടത്തിയ രക്ഷാ പ്രവർത്തനങ്ങളിൽ വീഴ്ച വന്നിട്ടുണ്ട്. ബാബുവിന് വേണ്ടി ഫയർ ആൻഡ് റസ്‌ക്യൂവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ശരിയായ പ്രവർത്തനങ്ങളല്ല. സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും കാരണം കാണിക്കൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇക്കാര്യങ്ങളിലാണ് അഗ്‌നിരക്ഷാ ഓഫീസർ ഋതീജിനോട് വിശദീകരണം തേടിയത്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവർത്തനം ബുധനാഴ്ചയായിരുന്നു അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്.

ബാബുവിനെ പുറത്തെത്തിക്കാൻ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ, വ്യോമസേനാ ഹെലികോപ്ടർ, കരസേനാ സംഘങ്ങൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, തുടങ്ങിയവർക്ക് മാത്രം അരക്കോടി രൂപ ചെലവഴിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരമ അഥോറിറ്റിയുടെ കണക്കുകൾ പറയുന്നത്. മറ്റു ചെലവ് കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക മുക്കാൽകോടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരെയാണ് പ്രദേശത്തേക്കായി നിയോഗിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് നാൽപ്പത് പേരടങ്ങുന്ന ഫയർഫോഴ്സ് സംഘം, തണ്ടർബോൾട്ടിന്റെ 21 അംഗ സംഘം, എൻഡിആർഫഎഫിന്റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകൾ, അമ്പതിലേറെ നാട്ടുകാർ എന്നിവർ ചേർന്നാണ് രണ്ട് ദിവസം രക്ഷാപ്രവർത്തനം നടത്തിയത്.

തുടർന്ന് കരസേന മദ്രാസ് റജിമെന്റിലെ ഒമ്പത്് അംഗ സംഘം റോഡ് മാർഗം സ്ഥലത്തെത്തി. ബെംഗളൂരുവിൽ നിന്നുള്ള 21 പേരടങ്ങുന്ന പാരാ കമാൻഡോസ് കോയമ്പത്തൂർ സൂലൂർ സൈനിക താവളത്തിലിറങ്ങി റോഡ് മാർഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാർഡിന്റേയും സൂലൂർ വ്യാമതാവളത്തിലേയും ഹെലികോപ്ടറുകളും രക്ഷാ ദൗത്യത്തിന് ഉപയോഗിച്ചു.