കണ്ണൂർ: തോട്ടട സംഭവത്തിൽ സിപിഎം നേതൃത്വത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. ബോംബ് നിർമ്മാണത്തെ തള്ളിപ്പറയാതെ വിവാഹം പോലെ പരിപാവനമായ ചടങ്ങിൽ ബോംബുമായി പോകുന്നതാണ് കുറ്റമെന്നു പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ക്രിമിനലുകളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

സിപിഎമ്മിന്റെ ക്രിമിനൽ സംഘം തന്നെയാണ് തോട്ടടയിൽ അക്രമം നടത്തിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടുന്ന സംഘം ഇവിടെ ബോംബുകളുമായെത്തിയത് തോട്ടടയിൽ വിവാഹവീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. ബോംബ് ലക്ഷ്യം തെറ്റി കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയിൽ കൊണ്ടാണ് ദാരുണസംഭവമുണ്ടായത്.

സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും സജീവ പ്രവർത്തകരാണ് ബോംബുകളുമായി വിവാഹവീട്ടിലെത്തിയത്. വധൂവരന്മാർക്ക് ആശംസയുമായി അതിരാണിപ്പാടം ബ്രദേഴ്‌സെന്ന പേരിൽ ഇവർ വിവാഹവീട്ടിൽ കെട്ടിയ ബാനറിൽ വാളിന്റെ ചിത്രമുള്ളതിൽ ഇവരുടെ ക്രിമിനൽ മനസ് പ്രകടമാണ്. വിവാഹ ആഭാസത്തിനെതിരേ അണികളെ ബോധവത്കരിക്കാൻ ബഹുജനകൂട്ടായ്മ നടത്തുമെന്ന് പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി ആദ്യം ബോംബ് നിർമ്മാണം തൊഴിലാക്കിയ പാർട്ടി ക്രിമിനലുകളെ ബോധവത്കരിക്കണം.

തോട്ടടയിലെ കല്യാണവീട്ടിൽ രാത്രി വൈകി പാട്ടു വെച്ചതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനു പിന്നാലെ രാവിലെയാകുമ്പോഴേക്കും ഇവരുടെ പക്കൽ ബോംബുകൾ കിട്ടണമെങ്കിൽ അത് മുൻകൂട്ടി ശേഖരിച്ചു വെച്ചതാണെന്ന കാര്യം ഉറപ്പാണ്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇവർ ബോംബ് സ്‌ഫോടനം നടത്തി പരീക്ഷിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

ഭരണത്തിന്റെ പിൻബലത്തിൽ ബോംബ് നിർമ്മാണവും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല. ചേലോറയിൽ നിന്ന് വിവാഹച്ചടങ്ങിനെത്തിയ ക്രിമിനൽസംഘം ബോംബെറിഞ്ഞത് ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ നിരപരാധികൾ ഇരയാകുമായിരുന്നു. ബോംബിന്റെ ചീളുകൾ തെറിച്ച് വിവാഹച്ചടങ്ങിനെത്തിയ ഇവരുമായി ഒരു ബന്ധവുമില്ലാത്ത ചെറുപ്പക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ബോംബ് നിർമ്മിച്ചാലും പ്രയോഗിച്ചാലും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് ചെറുപ്പക്കാർ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിൽ രാഷ്ട്രീയ പ്രതിയോഗികളെ ബോംബെറിഞ്ഞ് കൊല്ലുന്ന ക്രിമിനൽ സംഘങ്ങൾ ഇപ്പോൾ പൊതുസമൂഹത്തിനു തന്നെ ഭീഷണിയായി മാറുകയാണെന്നും അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. തോട്ടട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളേയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

കണ്ണൂരിൽ കുടിൽ വ്യവസായം പോലെ തഴച്ചു വളരുന്ന ബോംബ് നിർമ്മാണം തടയുന്നതിലും യുവജനങ്ങൾക്കിടയിൽ പിടിമുറുക്കുന്ന മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട പൊലീസ് സംവിധാനത്തിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന് വൈകുന്നേരം 3.30ന് തോട്ടടയിൽ നിന്നും കണ്ണൂർ സിറ്റി സെന്ററിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുമെന്നും അഡ്വ.മാർട്ടിൻ ജോർജ് അറിയിച്ചു.