കണ്ണൂർ: സിഐ.ടി.യു തൊഴിൽസ്ഥാപനങ്ങൾ പൂട്ടിക്കുന്ന സംഘടനയല്ല തുറപ്പിക്കുന്നതാണെന്ന് എം.വി ജയരാജൻ. മാതമംഗലത്തെ തൊഴിൽ പ്രശ്നത്തിൽ ഉടമയുമായി ചർച്ച നടത്താൻ ഇനിയും തയ്യാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.
കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കാര്യത്തിൽ കോടതി വിധിയൊന്നും പ്രായോഗികമല്ല. കോടതിയെ കുറിച്ചു പണ്ടേ താൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. തൊഴിൽ വകുപ്പിന്റെ സാന്നിധ്യത്തിൽ ഉടമ ചർച്ചയ്ക്കു വന്നാൽ സിഐ.ടി.യുവിനൊപ്പം പാർട്ടിയെന്ന നിലയിൽ ചർച്ചയിൽ പങ്കെടുക്കും. ഇത് ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തി തർക്കമൊന്നുമല്ല. ഏതൊരു പ്രദേശത്തെയും ചുമട്ടുതൊഴിലാളിക്ക് ജോലി ലഭിക്കണമെന്നതാണ് പാർട്ടി നയം.

കൂലിക്ക് വേണ്ടിയാണ് അവർ ചോദിച്ചത്. നോക്കുകൂലിക്കല്ല. തൊഴിലാളിയുണ്ടെങ്കിൽ മാത്രമേ മുതലാളി ഉണ്ടാവുകയുള്ളൂ. തൊഴിൽ സ്ഥാപനം ഉണ്ടെങ്കിൽ മാത്രമേ തൊഴിലാളിക്ക് നിലനിൽപ്പുള്ളു. ഏതൊരു തൊഴിൽ സ്ഥാപനവും അടച്ചുപൂട്ടിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് സിഐ.ടി.യു തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ തൊഴിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് സർക്കാർ നയം. തെരുവുകളിൽ ഏതൊരു ആപത്തിലും എത്തുന്നവരാണ് ചുമട്ടു തൊഴിലാളികൾ . കുടുംബം പോറ്റാനാണ് അവർ ജോലി ചെയ്യുന്നത്. ഒന്നും മിച്ചം വയ്ക്കാനില്ലാതെ ചോര ചർദ്ദിച്ചു മരിക്കുന്നവരാണ് ചുമട്ടുതൊഴിലാളികളെന്നും അവരോടുള്ള സമീപനം മാറേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു.