ദോഹ: ഖത്തറിൽ 601 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 964 പേർ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,42,554 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 528 പേർക്ക് സമ്പർക്കത്തിലൂടെയും 73 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കോവിഡ് ബാധിച്ച് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 658 പേരാണ് ഖത്തറിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,51,402 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവിൽ 8,190 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 27,310 കോവിഡ് പരിശോധനകൾ കൂടി പുതിയതായി നടത്തി. ഇതുവരെ 3,344,225 കോവിഡ് പരിശോധനകളാണ് ഖത്തറിൽ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ 37 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നത്.