റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസുകാർക്ക് ഈ മാസം 17 മുതൽ പിടിവീഴും. അത്തരം കച്ചവടക്കാരുടെ നയമപരമായ പദവി ശരിയാക്കാനനുവദിച്ച സമയ പരിധി 16-ാം തീയതി അവസാനിക്കും. കാലാവധി ഇനി ദീർഘിപ്പിച്ച് നൽകില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 16 നകം ബിനാമി സ്ഥാപനങ്ങൾ പദവി ശരിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ബുധനാഴ്ചക്കകം പദവി ശരിയാക്കാൻ സാധിക്കാത്തവർ രാജ്യം വിടാതിരുന്നാൽ പിഴശിക്ഷയും ഏറ്റുവാങ്ങേണ്ടി വരും. ഫെബ്രുവരി 16 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

പദവി ശരിയല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഈ ദിവസത്തിനിടയിൽ പദവി ശരിപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കണം. പ്രത്യേകിച്ച്, 2 ദശലക്ഷം റിയാലിലേറെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളെല്ലാം ഈ ആനൂകൂല്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സമയ പരിധിക്കകം പദവി മാറ്റാൻ സാധിക്കാത്തവർ പിടിക്കപ്പെട്ടാൽ വൻതുക പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരും.