- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ കുടുക്കിട്ടതാവാം; ഗുണ്ടുമലയിലെ എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകം: ഡമ്മി പരീക്ഷണം നടത്തി പ്രത്യേക അന്വേഷണ സംഘം
മൂന്നാർ: ഗുണ്ടുമലയിൽ രണ്ടര വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകം. കുട്ടിയുടെ മരണം അന്വേഷിക്കാനെത്തിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അളവിലും തൂക്കത്തിലുമുള്ള ഡമ്മിയിൽ നടത്തിയ പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
2019 സെപ്റ്റംബർ 9നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്മൂർ ഡിവിഷനിൽ പെൺകുട്ടിയെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കിടെ കുട്ടിയുടെ കഴുത്തിൽ കയർ കുടുങ്ങിയതാവാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. ഇതോടെ പൊലീസ് കൊലപാതക സംശയം പ്രകടിപ്പിച്ചു. എങ്കിലുംഅത് സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. അന്നത്തെ മൂന്നാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല.
കഴിഞ്ഞ വർഷം ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യം മുതലുള്ള ശ്രമം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഭവം നടന്ന വീട്ടിലെത്തി ഡമ്മി പരീക്ഷണം നടത്തിയത്. കുട്ടിയുടെ തൂക്കത്തിനു സമാനമായ ഭാരമുള്ള ഡമ്മിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. മരണ സമയത്ത് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേ വലുപ്പത്തിലുള്ള വള്ളി ഇതിനായി ഉപയോഗിച്ചു.
കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു. 20 കിലോ ഉയർത്തിയപ്പോൾ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചുകിടന്ന മുറിയുടെ മച്ചിൽ കയർ കുരുക്കണമെങ്കിൽ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാൽ മരണ സമയത്ത് മുറിയിൽ ഇത്തരം സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയം ബലപ്പെടുത്തുന്നത്.
മരണസമയത്ത് കഴുത്തിൽ കുരുങ്ങിയ കയർ തനിയെ പൊട്ടി വീണതാണോ അതോ മുറിച്ചിട്ടതാണോ എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവം ആദ്യം കണ്ടവർ ഈ കയർ 9 കഷണങ്ങളായി മുറിച്ചിരുന്നു. ഇതിലും ദുരൂഹതയുണ്ട്. ഡിവൈഎസ്‌പി എ.ജി.ലാൽ, കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെ ഡോ. സന്തോഷ് ജോയി, കാക്കനാട് റീജനൽ ഫൊറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സൂസൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടത്തിയത്.