- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹോപകരണങ്ങൾ തവണവ്യവസ്ഥയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ആളുകളെ പറ്റിച്ച പണം കൊണ്ട് ചെരുപ്പുകൾ വാങ്ങിക്കൂട്ടിയ ആൾ അറസ്റ്റിൽ
പാലാ: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 15 ലക്ഷം രൂപയോളമാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകൾ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് പൊലീസിനോട് പറഞ്ഞത്.
കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പും പൊലീസ് കണ്ടെടുത്തു. 2000 രൂപവരെ മുൻകൂറായി വാങ്ങിയിരുന്നു.ആറ് മാസമായി പാലാ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽനിന്ന് ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നുപറഞ്ഞ് മുൻകൂർ തുക കൈപ്പറ്റിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പൊലീസ് പറഞ്ഞു.
സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് കൂടുതലും തട്ടിപ്പ് നടത്തിയത്. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പൊലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാൾക്കെതിരേ വിവിധയിടങ്ങളിൽ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്.
മുന്മന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂർ കേളകം പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീലം പറഞ്ഞതിനും കേസുണ്ട്. സ്റ്റേഷനിൽനിന്ന് വിളിക്കുന്ന പൊലീസുകാരെ ചീത്തവിളിക്കുന്നതും പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പാലാ ഡിവൈ.എസ്‌പി. ഷാജു ജോസിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി.തോംസൺ, എസ്‌ഐ. അഭിലാഷ്, എഎസ്ഐ. ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ, രഞ്ജിത്ത് എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്