ശബരിമല: ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പൊലീസ് തടയുന്നതിൽ എതിർപ്പ് ശക്തം. കോടതി വിധിയുടെ ലംഘനമാണ് ഇതെന്ന വാദം ശക്തമാണ്. മാസപൂജാസമയത്ത് ചെറിയ വാഹനങ്ങൾക്ക് പമ്പവരെ പോകാമെന്നും തീർത്ഥാടകരെ ഇറക്കിയശേഷം തിരികെ നിലയ്ക്കലിൽ വരണമെന്നുമുള്ള കോടതിയുത്തരവ് നിലനിൽക്കേയാണിത്. കെ എസ് ആർ ടി സിയെ സഹായിക്കാനാണ് പൊലീസ് കോടതിയെ പോലും ധിക്കരിക്കുന്നതെന്നതാണ് ഉയരുന്ന വാദം.

പമ്പയിലേക്ക് പോകാനെത്തിയ വാഹനങ്ങൾ കഴിഞ്ഞദിവസം പൊലീസ് നിലയ്ക്കലിൽ തടഞ്ഞ് പാർക്കിങ് ഗ്രൗണ്ടിലേക്ക് പറഞ്ഞുവിട്ടതായി തീർത്ഥാടകർ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസിൽ കയറി പോകണമെന്നാണ് പൊലീസുകാർ പറയുന്നതെന്ന് അവർ ആരോപിച്ചു. എന്നാൽ, പമ്പയിൽ തീർത്ഥാടകരെ ഇറക്കിയശേഷം അനധികൃതമായി പാർക്കുചെയ്യുന്നതുകൊണ്ടാണ് വാഹനങ്ങൾ തടയുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പാർക്കിങ് ഒഴിവാക്കാൻ പൊലീസ് കരുതൽ എടുത്താൽ മാത്രം മതി. അതു ചെയ്യാനുള്ള മടി കാരണമാണ് വാഹനങ്ങൾ നിലയ്ക്കലിൽ തടയുന്നത്.

മാസപൂജയ്ക്ക് വലിയ തോതിൽ ഭക്തരെത്തുന്നുണ്ട്. ഇവർക്ക് വേണ്ട സൗകര്യങ്ങൾ നിലയ്ക്കലിൽ ഇല്ല. സർവീസിന് വേണ്ടത്ര കെ.എസ്.ആർ.ടി.സി. ബസുകൾ ഇല്ലെന്നും പരാതിയുണ്ട്. ചെയിൻ സർവീസ് ഉൾപ്പെടെ 30 ബസ് മാത്രമേ ഇത്തവണ കെ.എസ്.ആർ.ടി.സി. അനുവദിച്ചിട്ടുള്ളൂ. ഇതുകാരണം, ചെയിൻ സർവീസുകളിൽ അയ്യപ്പന്മാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു. ഈ ദുരിതം കൂട്ടുന്നതാണ് വാഹനങ്ങൾ തടയുന്ന നടപടി. ഇതിൽ ദേവസ്വം ബോർഡും അതൃപ്തരാണ്. ഹൈക്കോടതിയിൽ പൊലീസിനെതിരെ ബോർഡും നിലപാട് എടുത്തേക്കും.

കഴിഞ്ഞദിവസം മലയിറങ്ങിയ അയ്യപ്പഭക്തർ മണിക്കൂറുകളോളം ബസിനായി പമ്പയിൽ കാത്തുനിൽക്കേണ്ടിവന്നു. തീർത്ഥാടകർ ബഹളംവെച്ചതോടെ ചെങ്ങന്നൂരിലേക്കുള്ള മൂന്ന് ബസ് അയയ്ക്കുകയായിരുന്നു. അതിനിടെ നീലിമലപ്പാതയിലെ കാർഡിയോളജി സെന്ററുകളിൽ ആരോഗ്യപ്രവർത്തകരെ നിയമിക്കാത്തതിനാൽ പാത താത്കാലികമായി അടച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.

നട തുറക്കുന്നതിന് മുന്നേതന്നെ ആവശ്യം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസുകാർ കുറവാണ്. പ്രതിദിനം 15,000 പേരെ അനുവദിച്ചപ്പോൾ ഞായറാഴ്ചമാത്രം 14,800 തീർത്ഥാടകർ എത്തിയിരുന്നു. എന്നാൽ ഇതിന് വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുമില്ല. ഇതാണ് ദേവസ്വം ബോർഡിനും പ്രതിസന്ധിയായി മാറുന്നത്. കെ എസ് ആർ ടി സിക്ക് വേണ്ടി നിലയ്ക്കലിൽ പൊലീസ് നടത്തുന്ന ഇടപെടലും അവർ ഹൈക്കോടതിയെ അറിയിക്കാനാണ് സാധ്യത.

മാസപൂജാസമയത്ത്, വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച് സ്‌പെഷ്യൽ കമ്മിഷണർക്ക് റിപ്പോർട്ട് നൽകുമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. നീലിമലപ്പാതയിൽ ആരോഗ്യപ്രവർത്തകരെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും നിയമിച്ചിട്ടില്ലെന്നത് ഗുരുതര വീഴ്ചയായി ദേവസ്വം ബോർഡ് കാണുന്നു.