- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമാണോ വേണ്ടത്; അതോ രണ്ടാം കിം ജോങ് ഉന്നിനെയോ'; ബിജെപിക്ക് എതിരെ ആഞ്ഞടിച്ച് രാകേഷ് ടികായത്
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും കഴിഞ്ഞിരിക്കെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കർഷക നേതാവ് രാകേഷ് ടികായത്. ബിജെപിക്ക് വോട്ടുചെയ്താൽ ഉത്തർപ്രദേശിന് ലഭിക്കാൻ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയെന്നാണ് ടികായത് പരിഹസിച്ചത്.
'ജനങ്ങളെ മനസിലാക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമാണോ വേണ്ടത്, അതോ രണ്ടാം കിം ജോങ് ഉന്നിനെയാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണം.
ഇന്ത്യയിലെ ഒരു സംസ്ഥാനവും ഏകാധിപതികൾ ഭരിക്കണമെന്ന് നമ്മളാരും തന്നെ ആഗ്രഹിക്കുന്നില്ല. ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വിവേകപൂർവം വിനിയോഗിക്കണമെന്ന് അപേക്ഷിക്കുകയാണ്,' ടികായത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കെതിരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമർശനങ്ങളാണ് ടികായത് ഉയർത്തിയിരുന്നത്.
കഴിഞ്ഞയാഴ്ച മുസാഫർ നഗറിൽ നടന്ന യോഗത്തിലും ടികായത് ഇരുവർക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ബിജെപി ധ്രുവീകരണത്തിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു ടികായത് പറഞ്ഞത്.
'പശ്ചിമ ഉത്തർപ്രദേശ് വികസനത്തെ കുറിച്ച് സംസാരിക്കാനാണാഗ്രഹിക്കുന്നത്. ഹിന്ദു-മുസ്ലിം-ജിന്ന-മതം എന്നിങ്ങനെ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവർക്ക് വോട്ട് നഷ്ടപ്പെടും. മുസാഫർ നഗർ ഹിന്ദു-മുസ്ലിം മാർച്ചിനുള്ള വേദിയല്ല,' ടികായത് പറഞ്ഞു.
വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും ടികായത് പറയുന്നു.
'കർഷകർക്ക് എതിരെ നിൽക്കാത്തവരെ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതുന്നത്. ഹിന്ദു-മുസ്ലിം എന്ന പേരിൽ ജനങ്ങൾക്കിടയിൽ വിഭാഗീയതയും ധ്രുവീകരണവും നടത്താത്തവരെ ജനങ്ങൾ പിന്തുണയ്ക്കും.
പാക്കിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രം പറയുന്നവരെയല്ല, സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നവരെയായിരിക്കും ജനങ്ങൾ അംഗീകരിക്കുക,' ടികായത് പി.ടി.ഐയോട് പറഞ്ഞു.
കർഷകർക്കെതിരെ നിൽക്കുന്ന ബിജെപി സർക്കാരിനെ തറപറ്റിക്കണമെന്ന് ടികായത് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മറ്റാരെയെങ്കിലും ജയിപ്പിക്കുകയല്ല, മറിച്ച് ബിജെപിയെ തോൽപിക്കുകയാണ് താനടക്കമുള്ള കർഷകസംഘടനകളുടെ പ്രധാന ലക്ഷ്യമെന്നും ടികായത് പറഞ്ഞിരുന്നു.
ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടുണ്ട്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുന്നത്. മാർച്ച് ഏഴിനാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10നാണ് വോട്ടെണ്ണൽ.




