കണ്ണൂർ: തോട്ടടയിൽ വിവാഹച്ചടങ്ങിനിടെ ബോംബെറിഞ്ഞ് ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയലല്ലെന്ന സംശയം ബലപ്പെടുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു. ഏച്ചൂരിൽ നിന്നുമെത്തിയ യുവാക്കൾക്ക് ബോംബുകൾ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം. പടക്കശാലയിൽ നിന്നു വാങ്ങിയ സ്‌ഫോടകവസ്തുക്കൾ മാത്രമാണിതെന്ന് കരുതുക വയ്യ.

പൊലീസിന്റെ അന്വേഷണമാകട്ടെ ഇപ്പോൾ പടക്കശാല മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പടക്കകടയിൽ ഇത്രയും ശേഷിയുള്ള ബോംബുകൾ ഉണ്ടാകാൻ സാധ്യതയില്ല. തോട്ടടയിൽ ബോംബെറിഞ്ഞ സ്ഥലത്തു നിന്ന് പൊട്ടാതെ കിടന്ന ബോംബ് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധിക്കണം. പടക്കശാലയിൽ ഇത്തരം ബോംബുകൾ വിൽക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. കല്യാണത്തിനെത്തിയ സംഭവത്തിലുൾപ്പെട്ട യുവാക്കൾ പടക്കശാലയിൽ നിന്ന് പടക്കം വാങ്ങി ഒരു രാത്രി കൊണ്ട് ബോംബുകൾ നിർമ്മിച്ചതാണെന്ന് വിശ്വസിക്കുക പ്രയാസമാണ്.

ഒന്നുകിൽ ഇവരുടെ പക്കൽ ബോംബുകൾ കാലേക്കൂട്ടി സജ്ജമാക്കിയത് ഉണ്ടായിരുന്നു. അതല്ലെങ്കിൽ ഇവർക്ക് ബോംബുകൾ കൃത്യമായി എത്തിച്ചു കൊടുത്തിട്ടുണ്ട്. ബോംബ് നിർമ്മാണ കേന്ദ്രം കണ്ടെത്താതെ പടക്കശാലയിൽ മാത്രം അന്വേഷണമൊതുക്കി കേസിനെ ദുർബലപ്പെടുത്താനാണ് നീക്കം നടക്കുന്നത്. പൊതുസമൂഹത്തിനു തന്നെ ഭീഷണിയായി ബോംബ് സംസ്‌കാരം കണ്ണൂരിൽ വർധിക്കുകയാണ്. സിപിഎമ്മിന്റേയും ആർഎസ്എസിന്റേയും കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം കുടിൽ വ്യവസായം പോലെ നടക്കുന്നുണ്ട്. ഈയൊരു സാമൂഹിക വിപത്തിനെ ഇല്ലാതാക്കാനാണ് കർശന നടപടി സ്വീകരിക്കേണ്ടതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

കണ്ണൂരിൽ കുടിൽ വ്യവസായം പോലെ തഴച്ചു വളരുന്ന ബോംബ് നിർമ്മാണം തടയുന്നതിലും യുവജനങ്ങൾക്കിടയിൽ പിടിമുറുക്കുന്ന മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട പൊലീസ് സംവിധാനത്തിനെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 18-ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3.30ന് തോട്ടടയിൽ നിന്നും കണ്ണൂർ സിറ്റി സെന്ററിലേക്ക് നടത്തുന്ന ജനകീയ യാത്ര കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.