കണ്ണൂർ: പിണറായി ഭരണകാലത്തുകൊല്ലരുതേ, ഞങ്ങളുടെ മക്കളെയെന്ന മുദ്രാവാക്യമുയർത്തി കണ്ണൂരിലും മഹിളാ കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ അമ്മ നടത്തം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായും പിണറായി ഭരണക്കാലത്ത് നടക്കുന്ന കൊലപാതകങ്ങൾക്കും, ഗൂണ്ടാവിളയാട്ടത്തിനും എതിരെയാണ് അമ്മമാർ നഗരത്തിലിറങ്ങി പ്രതിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെ തളാപ്പിലെ ഡി.സി.സി ഓഫിസിനു മുൻപിൽ നിന്നാരംഭിച്ച അമ്മ നടത്തം കലക്ടറേറ്റിന് മുൻപിൽ സമാപിച്ചു.

മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് രജനി രമാനന്ദ്, നേതാക്കളായ പി കെ സരസ്വതി, ശ്രീജ മടത്തിൽ, പി പി ശ്യാമള,, ലിഷദീപക് തുടങ്ങിയവർ നേതൃത്വം നൽകി. കലക്ടറേറ്റിന് മുൻപിൽ നടന്ന സമാപന യോഗം ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തോട്ടടയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പൊലിസ് നടത്തുന്നഅന്വേഷണം ശരിയായ ദിശയിലില്ലെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.കുടിൽവ്യവസായം പോലെ തഴച്ചുവളരുന്ന ബോംബ് നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിൽ പൊലിസ് പരാജയപ്പെടുകയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.