- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിജാബ് നിരോധനത്തിലെ ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നു'; അടിയന്തര ഇടപെടൽ വേണമെന്ന ഹർജി തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്; ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജിയിൽ നാളെയും വാദം തുടരും
ബംഗളുരു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി . അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹിജാബ് ധരിച്ചെത്തുന്ന അദ്ധ്യാപകരെ അടക്കം സ്‌കൂളുകൾക്ക് മുന്നിൽ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഹർജി തള്ളിയത്. അതേസമയം ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബുധനാഴ്ചയും വാദം തുടരും.
ഹിജാബ് നിരോധനത്തിനെതിരായ ഹർജി ഇന്നലെ പരിഗണിക്കവെ ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ബുധനാഴ്ചയും ഇക്കാര്യങ്ങളടക്കം കോടതിയിലുയരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്.
അതിനിടെ കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികൾ അവ മാറ്റാൻ വിസമ്മതിച്ചതിന് പിന്നാലെ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു. ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അദ്ധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചത്.
അതേസമയം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു. വൻ പൊലീസ് വിന്യാസത്തിലാണ് സ്‌കൂളുകൾ തുറന്നത്. ഹിജാബും ബുർഖയും ധരിച്ചെത്തിയവരെ സ്‌കൂളുകളുടെ പ്രധാന കവാടത്തിൽ വച്ച് അദ്ധ്യാപകർ തടഞ്ഞു. ഹിജാബും ബുർഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്റെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങൾ ധരിച്ചെത്തുന്നത് വിദ്യാർത്ഥികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ നിയമസഭയിലെത്തിയത്. ഹിജാബ് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ഉഡുപ്പിയിൽ അടക്കം വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം 200 മീറ്റർ പരിധിയിൽ കൂട്ടം കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.