- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ മരുന്ന് തളിക്കൽ: മയ്യിലിൽ പരിശീലനം തുടങ്ങി

മയ്യിൽ: വന്യമൃഗങ്ങളെ അകറ്റുന്നതിനും ചെടികൾക്ക് പോഷകങ്ങൾ നൽകുന്നതിനും ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ പരിശീലനം തുടങ്ങി. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം നേതൃത്വത്തിൽ മയ്യിൽ റൈസ് പ്രോഡ്യൂസർ കമ്പനിയുടെ നെല്ലിക്കപ്പാലം പാടശേഖരത്തിലെ വിത്തുഗ്രാമം പദ്ധതിയിലെ നെൽകൃഷിയിലാണ് ഇത് പരീക്ഷിക്കുന്നത്.
ഇന്നലെ രാവിലെ 30 ഏക്കർ പാടശേഖരത്തിൽ മരുന്ന് തളി പരിശീലനം നടന്നു. ജനപ്രതിനിധികളും കർഷകരും കൃഷി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിൽ നെൽകൃഷിയിൽ ഡ്രോൺ വഴിയുള്ള മരുന്ന് തളിക്കൽ ആദ്യമാണ്. പരീക്ഷണം വിജയിച്ചാൽ ജില്ലയിലെ മറ്റ് പാടശേഖരങ്ങളിലും ഈ രീതി പിന്തുടരും. ആറളം ഫാമിലെ 25 ഏക്കർ മഞ്ഞൾ കൃഷിക്ക് ഡ്രോൺ സാങ്കേതിവിദ്യയിലൂടെ മരുന്ന് പ്രയോഗിച്ചിരുന്നു. പത്രപോഷണം വഴി കൂടുതൽ സ്ഥലത്ത് കുറഞ്ഞസമയത്ത് ചെലവ് കുറച്ച് മരുന്ന് തളിക്കാൻ പറ്റുമെന്നതാണ് ഇതിന്റെ മെച്ചമെന്ന് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.ജയരാജ് പറഞ്ഞു.
കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ എന്നിവയെ പാടത്ത് നിന്ന് അകറ്റി നിർത്താൻ ഹെർബോലീവ് പ്ലസും നെല്ലിന് സൂഷ്മ മൂലകങ്ങളായ സിങ്ക്, കോപ്പർ, മഗ്‌നീഷ്യം എന്നിവ നൽകുന്ന ബോറോണുമാണ് ഡ്രോണിലൂടെ സ്പ്രേ ചെയ്യുന്നത്. ഒരേക്കറിൽ മരുന്ന് തളിക്കാനുള്ള ഡ്രോൺ വാടക 800 രൂപയാണ്. ഇതിനുപുറമെ മരുന്നിന്റെ ചെലവും വരും.
ഒരേക്കറിൽ മരുന്ന് തളിക്കാൻ എട്ട് മുതൽ 10 മിനിറ്റ് മതി. നെല്ലുകളുടെ പാലുറക്കുന്ന സമയത്ത് മരുന്ന് തളിക്കുന്നതിലൂടെ പതിര് കുറയ്ക്കാനാവും. പച്ചക്കറി, വാഴ, മരച്ചീനി, പയർ വർഗങ്ങൾ എന്നിവയിലും ഡ്രോൺ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഉൽപ്പാദന ക്ഷമത കൂട്ടാൻ ഇതിലൂടെ കഴിയും.
ഡ്രോണിന് മുന്നോടിയായി മയ്യിൽ പ്രദേശത്തെ നാൽപതോളം കർഷകർ ഹെർബോലീസ് പരീക്ഷിച്ചിരുന്നു. പച്ചക്കറിയിലും നെല്ലിലുമാണ് ഇത് ഉപയോഗിച്ചത്. ഇതിന് ശേഷം വന്യജീവികളുടെ അക്രമമുണ്ടായില്ല. 25 മുതൽ 30 ദിവസം ചെടിയിൽ മരുന്നിന്റെ അംശം നിലനിൽക്കും. മരുന്നിൽ പഞ്ചഗവ്യമുള്ളതിനാൽ ചെടിയുടെ വളർച്ച കൂടി. കീടബാധയും കുറയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.


