മോത്തിഹാരി: ബീഹാറിൽ ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് ചർക്ക പാർക്കിലെ ഗാന്ധി പ്രതിമ കേടുപാടുകൾ വരുത്തി നിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങൾ കേട്ടെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് തീവ്ര വലതുപക്ഷ സംഘടനകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പ്രതിമ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഈസ്റ്റ് ചമ്പാരൻ ജില്ലാ കളക്ടർ ശിർഷാത് കപിൽ അശോക് പറഞ്ഞു. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പാർക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സിസിടിവി ക്യാമറകൾ സ്ഥാപിക്കും. പ്രതിമയുടെ പുനഃസ്ഥാപനം ജില്ലാ ഭരണകൂടത്തിന്റെ മേൽനേട്ടത്തിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധിത ഇൻഡിഗോ പ്ലാന്റേഷനെതിരെ 1917-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി ആരംഭിച്ച ആദ്യത്തെ സത്യാഗ്രഹ പ്രസ്ഥാനമായിരുന്നു ചമ്പാരൻ സത്യാഗ്രഹം.