- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു; ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതി
ന്യൂഡൽഹി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ഡൽഹിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു.
ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ദു ഹരിയാനയിലെ കുണ്ഡ്ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സോണിപത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയിൽ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയർത്തിയത് വിവാദമായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്.
ഒളിവിലിരുന്ന് വിദേശത്തുള്ള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളിൽ ഇയാൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് അന്ന്അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി അന്ന് ഉന്നയിച്ചു.




