മുളന്തുരുത്തി : പുല്ലമ്പാൽ മലയിടിച്ച് മണ്ണെടുപ്പ്. കുടി വെള്ളക്ഷാമവും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളും അതീവ രൂക്ഷമാകുന്നു.ഭരണ പ്രതിപക്ഷ കക്ഷികൾ നിലപാട് വ്യക്തമാക്കണം.എസ്. യു.സി ഐ (കമ്മ്യൂണിസ്റ്റ് ) ജനകീയ പ്രതിഷേധം സംഘടിക്കാൻ രംഗത്തിറങ്ങും.

മുളന്തുരുത്തി: പുല്ലമ്പാൽ കുടുബക്കാർ വർഷങ്ങൾക്ക് മുമ്പ് വിറ്റ റബ്ബർ തോട്ടം നിലനിന്ന രണ്ടേക്കറോളം വരുന്ന സ്ഥലത്തെ മല ഇടിച്ച് കഴിഞ്ഞ 8 ദിവസമായി മണ്ണടുപ്പ് തുടരുന്ന സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ കക്ഷികളും പഞ്ചായത്ത് അധികാരികളു മറ്റ് സാമൂഹ്യ പ്രസ്ഥാനങ്ങളും ഈ നടപടിയോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ് ) മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മുളന്തുരുത്തി പഞ്ചായത്തിൽ പെടുന്ന പുളിക്കമാലിയിലും സമീപപ്രദേശങ്ങളിലും മലയിടിച്ച് മണ്ണടുക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ കുഴൽ കിണർ സ്ഥാപിച്ചാൽ പോലും വെള്ളം കിട്ടാതായിരിക്കുന്നു. പല വീടുകളിലും ടാങ്കറിലാണ് വെള്ളം ഇപ്പോൾ എത്തുന്നത്. മുമ്പ് തൊട്ടടുത്ത പ്രദേശത്ത് മലയിടിച്ച് മണ്ണെടുപ്പ് ഉണ്ടായപ്പോൾ അതുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതത്തെ കുറിച്ച്, കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതകളെ കുറിച്ച് എല്ലാം ശാസ്ത്രീയമായ ബോധവൽക്കരണം പഞ്ചായത്തുടനീളം നടന്നിരുന്നു. പ്രസ്തുത പ്രവർത്തനങ്ങളിൽ എസ്.യു.സിഐ (സി) ഉൾപ്പെടെയുള്ള രാഷ്ട്രീയ - സാമൂഹ്യ സംഘടനകൾ പങ്കാളികളായിരുന്നു.

പഞ്ചായത്തിന്റെ അനുമതി പോലും ഇല്ലാതെയാണ് ഇപ്പോൾ പുല്ലമ്പാൽ മലയിടിച്ച് മണ്ണെടുക്കുന്നത് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിക്കുന്നത്. നൂറുകണക്കിന് ലോഡ് മണ്ണാണ് ഒരോ ദിവസവും മല തുരന്ന് എടുക്കുന്നത്. ജിയോളജി വകുപ്പ് വേണ്ടത്ര പഠനം നടത്താതെയോ പല വിധ സ്വാധീനങ്ങളിൽപ്പെട്ടോ നൽകിയ അനുമതി ഉയോഗപ്പെടുത്തിയാണ് ഈ മലയിടിക്കുന്നത്. ഇത് തടയേണ്ടതും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടതും പഞ്ചായത്ത് അധികാരികളാണ്.

മുളന്തുരുത്തി പഞ്ചായത്ത് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും മണ്ണെടുപ്പ് തടയണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. ഉഷ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എം ദിനേശൻ യോഗം ഉദ്ഘാടനം ചെയ്തു.