ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും വെള്ളിയാഴ്ച ഓൺലൈൻ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ചരിത്രപരമായ സൗഹൃദം സംബന്ധിച്ച് ഇരു രാഷ്ട്ര നേതാക്കളും ചർച്ച നടത്തും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികവും യുഎഇ അതിന്റെ രൂപീകരണത്തിന്റെ അൻപതാം വാർഷികവും ആഘോഷിക്കുന്ന വർഷത്തിലാണ് ഇരു രാഷ്ട്ര നേതാക്കളുടെയും കൂടിക്കാഴ്ച. പരസ്പര സഹകരണത്തിനുള്ള കൂടുതൽ മേഖലകളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ ഇരു രാജ്യങ്ങൾക്കും താത്പര്യമുള്ള പ്രാദേശിക - അന്താരാഷ്ട്ര വിഷയങ്ങളും ഓൺലൈൻ കൂടിക്കാഴ്ചയിൽ വിഷയമാവും.

ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇപ്പോൾ ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാ മേഖലകളിലും സഹകരണം കൂടുതൽ ശക്തമാവുകയും തന്ത്രപരമായ പുതിയ സഹകരണ മേഖലകൾ തുറക്കുകയും ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വിശദീകരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ലും 2018ലും 2019ലും യുഎഇ സന്ദർശിച്ചിരുന്നു. അബുദാബി കിരീടാവകാശിയാവട്ടെ 2016ലും 2017ലും ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മൂന്ന് തവണ യുഎഇ സന്ദർശിച്ചു. കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ വർഷവും യുഎഇ സന്ദർശിച്ചിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യയും യുഎഇയും സഹകരിച്ച് പ്രവർത്തിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ രംഗത്തെ സഹകരണം എന്നിവയും പ്രധാനമാണ്. പുനരുപയോഗിക്കാവുന്ന ഊർജം, സ്റ്റാർട്ട്അപ്പുകൾ, ഫിൻടെക് എന്നിങ്ങനെയുള്ള നൂതന മേഖലകളിലും സഹകരണമുണ്ട്.

35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിൽ താമസിക്കുന്നത്. കോവിഡ് കാലത്ത് ഇന്ത്യക്കാർക്ക് യുഎഇ ഭരണകൂടം നൽകിയ പിന്തുണയ്ക്കും സഹായത്തിനും പ്രധാനമന്ത്രി യുഎഇ ഭരണകർത്താക്കളെ അഭിനന്ദിച്ചിരുന്നു. യുഎഇയുടെ വികസനത്തിന് ഇന്ത്യക്കാർ ചെയ്യുന്ന സേവനത്തെ യുഎഇ ഭരണകൂടവും പ്രകീർത്തിച്ചു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യയ്ക്കും യുഎഇക്കും ഇടയിൽ 2020 മുതൽ എയർ ബബിൾ കരാർ നിലവിൽവന്നിരുന്നു.