ഛണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഭയ്യമാരെ പഞ്ചാബിൽ പ്രവേശിപ്പിക്കരുതെന്ന് ചന്നി പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ചന്നിയുടെ പ്രസ്താവന.

പ്രിയങ്കാ ഗാന്ധിയെ 'പഞ്ചാബിന്റെ മരുമകൾ' എന്നു വിശേഷിപ്പിച്ച ചന്നി, യുപിയിൽ നിന്നും ബിഹാറിൽ നിന്നുമുള്ള 'ഭയ്യമാർക്ക്' 'ഇവിടെ വന്ന് ഭരിക്കാൻ കഴിയില്ല' എന്നും പ്രസ്താവിച്ചു. യുപി, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലെ 'ഭയ്യ'മാരെ പഞ്ചാബിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നാണ് റാലിയിൽ ചന്നി പറഞ്ഞത്.

ചന്നിയുടെ പരാമർശത്തെ പാർട്ടി ഭേദമന്യേ നേതാക്കൾ അപലപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപിയും ആംആദ്മിയും രംഗത്തെത്തി. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ജനങ്ങളെ പ്രിയങ്ക ഗാന്ധി അപമാനിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി.

ബിജെപി നേതാവും പാർട്ടിയുടെ ഐടി സെൽ മേധാവിയുമായ അമിത് മാളവ്യയും ചന്നിയെ വിമർശിച്ച് രംഗത്തുവന്നു. ചന്നിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് 'പ്രിയങ്ക വധേരയ്‌ക്കൊപ്പം വേദിയിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി യുപിയിലെയും ബിഹാറിലെയും ജനങ്ങളെ അപമാനിക്കുന്നു. ഇങ്ങനെയാണോ കോൺഗ്രസ് യുപിയെയും രാജ്യത്തെയും വികസിപ്പിക്കുക?, എന്ന് അദ്ദേഹം ചോദിച്ചു

പഞ്ചാബിലെ കോൺഗ്രസിന്റെ പ്രധാന എതിരാളികളായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഈ പരാമർശത്തെ 'ലജ്ജാകരം' എന്നാണ് വിശേഷിപ്പിച്ചത്. ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങളെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയും യുപിയിൽ നിന്ന് വരുന്നതാണ്. അതുകൊണ്ടുതന്നെ അവരും ഭയ്യയാണ്. - കെജ്രിവാൾ പറഞ്ഞു.

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ചരൺജിത് സിങ് ചന്നിയാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ പഞ്ചാബിലെ ദളിത് വോട്ടർമാരെ വിജയിപ്പിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനത്തിലധികം ദളിതരാണ്. ജാട്ട് സിഖുകാർ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന പഞ്ചാബിലെ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ചന്നി.

ഇക്കുറി കടുത്ത പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിജെപി പോരാട്ടമാണ് നടക്കുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പാർട്ടി ബിജെപി മുന്നണിയിലാണ്.

ഫെബ്രുവരി 20 ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ്. പഞ്ചാബിൽ എഎപി അധികാരം പിടിച്ചെടുക്കുമെന്നാണ് പല സർവേകളും പ്രവചിച്ചിരുന്നത്. എന്നാൽ ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ മത്സരം കടുക്കും. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം കോൺഗ്രസ് എങ്ങനെ മറികടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.